മാരികള്‍ച്ചര്‍ ഇന്ത്യയുടെ സമുദ്രമത്സ്യബന്ധന മേഖലയിലെ അടുത്ത വലിയ മുന്നേറ്റമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍
കൊച്ചി: രാജ്യത്തെ മാരികള്‍ച്ചര്‍ (സമുദ്രകൃഷി) ഉല്പാദനം നിലവിലെ ഒന്നര ലക്ഷം ടണ്ണില്‍ നിന്നും 2047 ഓടെ 25 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യയുടെ സമുദ്രമത്സ്യ മേഖലയിലെ അടുത്ത ഏറ്റവും വലിയ മുന്നേറ്റം സമുദ്രകൃഷിയായിരിക്കുമെന്നും ഈ രംഗത്ത് മികച്ച സാധ്യതയാണ് ഇന്ത്യക്കുള്ളതെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. കൂടുമത്സ്യകൃഷി, ഒന്നിലധികം കൃഷിരീതികള്‍ സംയോജിപ്പിച്ചുള്ള നൂതന മത്സ്യകൃഷിയായ ഇംറ്റ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 35 ലക്ഷം ടണ്‍ മത്സ്യമാണ് കടലില്‍ നിന്നും പിടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വിഭവ ശോഷണവും കാരണം മത്സ്യോല്പാദനം കൂട്ടാന്‍ സമുദ്രമത്സ്യകൃഷി പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ നിരവധി സമുദ്രമത്സ്യകൃഷി സാങ്കേതികവിദ്യകള്‍ സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിട്ടുണ്ട്.
ഇത് ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമുദ്രമത്സ്യകൃഷിയിലെ മറ്റൊരു പ്രധാന ഘടകമായ കടല്‍പ്പായല്‍ കൃഷിയില്‍ രാജ്യത്തിന് വലിയ സാധ്യതകളുണ്ട്. ആഗോളതലത്തില്‍ കടല്‍പ്പായല്‍ ഉത്പാദനം മൂന്നര കോടി ടണ്ണാണ്. എന്നാല്‍ ഇന്ത്യയില്‍ ഇവയുടെ ഉല്പാദനം വളരെ കുറവാണ്. വര്‍ധിച്ചുവരുന്ന വ്യാവസായിക ഔഷധ നിര്‍മാണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കുറഞ്ഞത് 50 ലക്ഷം ടണ്‍ കടല്പ്പായലെങ്കിലും ആഭ്യന്തരമായി ഉല്പാദിപ്പിക്കാന് രാജ്യത്തിന് കഴിയും.മാരികള്‍ച്ചര്‍ രംഗത്ത് സുസ്ഥിര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ സമുദ്രമത്സ്യകൃഷി നയം ആവശ്യമാണെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.കല്ലുമ്മക്കായഓയിസ്റ്റര് കൃഷി, കൂടുമത്സ്യകൃഷി, പെന്‍ കള്‍ച്ചര്‍, ബയോളോക് സാങ്കേതികവിദ്യ, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള മത്സ്യത്തീറ്റ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ മത്സ്യകര്‍ഷകര്‍ക്ക് പരിശീലനം നല്കി. പട്ടിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മത്സ്യബന്ധന, കാര്‍ഷിക ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഡോ കെ. മധു, ഡോ വിദ്യ ആര്, ഡോ. സനല്‍ എബനീസര്‍, ഡോ സാജു ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.


