മഹാരാഷ്ട്രയിലെ തീരദേശ
ആദിവാസി കര്‍ഷകര്‍ക്ക്
കൈത്താങ്ങായി സിഎംഎഫ്ആര്‍ഐ

കര്‍ഷകര്‍ക്കായി സിഎംഎഫ്ആര്‍ഐ ഉല്‍പാദിപ്പിച്ചത് ഒരു ലക്ഷത്തോളം ഓയിസ്റ്റര്‍ വിത്തുകള്‍

 

കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശ ആദിവാസി കര്‍ഷകര്‍ക്കായി ഒരു ലക്ഷത്തോളം ഓയിസ്റ്റര്‍ (കായല്‍ മുരിങ്ങ) വിത്തുകള്‍ ഉല്‍പാദിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഷെല്ലുകളില്‍ പിടിപ്പിച്ച വിത്തുകള്‍ ഓയിസ്റ്റര്‍ കൃഷിക്കായി മഹാരാഷട്രയിലെത്തിച്ചു.മഹാരാഷ്ട്രയിലെ മാംഗ്രൂവ് ആന്റ് മറൈന്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. ബദല്‍ ഉപജീവനമാര്‍ഗമെന്ന നിലക്ക് ഓയിസ്റ്റര്‍ കൃഷിയിലൂടെ ആദിവാസി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയര്‍ന്ന വിളവ് നല്‍കുന്നതും മെച്ചപ്പെട്ട ബദല്‍ ഉപജീവനമാര്‍ഗവും പരിസ്ഥിതി സൗഹൃദവുമാണ് ഓയിസ്റ്റര്‍ കൃഷി.

അഷ്ടമുടിക്കായലില്‍ നിന്ന് ശേഖരിച്ച കായല്‍ മുരിങ്ങ സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഹാച്ചറിയില്‍ പ്രജനനം നടത്തി 50 ലക്ഷത്തോളം ലാര്‍വ ഉല്‍പാദിപ്പിച്ചു. ഇവയെ വീണ്ടും 60 ദിവസത്തോളം ഹാച്ചറിയില്‍ വളര്‍ത്തി ശരാശരി 8.5 മില്ലിമീറ്റര്‍ വലിപ്പത്തില്‍ ഷെല്ലുകളില്‍ പറ്റിപ്പിടിക്കാന്‍ പാകത്തിലുള്ളതാക്കി വികസിപ്പിച്ചു. ഒരു ഷെല്ലില്‍ രണ്ട് മുതല്‍ 12 വിത്തുകള്‍ വരെ ഇത്തരത്തില്‍ അടങ്ങിയിട്ടുണ്ട്.ഹാച്ചറികളില്‍ ഉല്‍പാദിപ്പിച്ച വിത്തുകളുടെ ലഭ്യതക്കുറവാണ് പ്രധാന പരിമിതി. ഉയര്‍ന്ന അതിജീവന നിരക്ക്, വളര്‍ച്ചാനിരക്ക്, രോഗപ്രതിരോധ ശേഷി എന്നീ ഗുണങ്ങളുള്ളതിനാല്‍ കായലുകളില്‍ നിന്ന് ലഭിക്കുന്ന വിത്തുകളേക്കാള്‍ ഗുണങ്ങള്‍ കൂടുതലാണ് ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച വിത്തുകള്‍ക്ക്. ഇവ ഓയിസ്റ്റര്‍ ഷെല്ലുകളില്‍ പിടിപ്പിക്കുന്നതും ഹാച്ചറി സംവിധാനം വഴിയാണ്.

ഇത്തരത്തില്‍ ഷെല്ലുകളില്‍ പിടിപ്പിച്ച ഒരു ലക്ഷത്തോളം വിത്തുകളാണ് കടല്‍വെള്ളത്തില്‍ കുതിര്‍ത്ത ചാക്കില്‍ പൊതിഞ്ഞ് പ്രത്യേക പെട്ടികളില്‍ സുരക്ഷിതമായി പായ്ക്ക് ചെയ്ത് മഹാരാഷ്ട്രയിലെത്തിച്ചത്.തീറ്റ ആവശ്യമില്ലാത്തതിനാല്‍ പരമ്പരാഗത അക്വാകള്‍ച്ചര്‍ രീതികളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതും ലാഭകരവുമാണ് ഓയിസ്റ്റര്‍ കൃഷി. മലിനീകരണം കുറഞ്ഞതും ചെറുകിട കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം നേടാന്‍ സഹായിക്കുന്നതുമായ മികച്ച ജലകൃഷിയാണിതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ എം കെ അനില്‍ പറഞ്ഞു.ഹാച്ചറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിത്തുകളുടെ ലഭ്യത ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഓയിസ്റ്റര്‍ കൃഷിയിലൂടെ തീരദേശവാസികളുടെ വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആഭ്യന്തരവിദേശ വിപണികളില്‍ മികച്ച അവസരമാണിത് നല്‍കുന്നത്. ഉയര്‍ന്ന പ്രോട്ടീന്‍, അവശ്യ ധാതുക്കള്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷക ഗുണങ്ങള്‍ കാരണം കായല്‍ മുരിങ്ങക്ക് ആവശ്യക്കാരേറെയുണ്ട്. ഏഴ് ബില്യണ്‍ യുഎസ് ഡോളറിലധികം വിലമതിക്കുന്ന പ്രധാന ആഗോള വ്യവസായമാണിത്.

 

Spread the love