ജലപരിപാലനം, കീടരോഗ നിരീക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗുണം ചെയ്യും.
കൊച്ചി: കേരളത്തിലെ കാര്‍ഷിക വിളകള്‍ മെച്ചപ്പെടുത്തുന്നതിന് കാലാവസ്ഥ മുന്നറിയിപ്പ്, കര്‍ഷക കേന്ദ്രീകൃത നൂതനാശയങ്ങള്‍ എന്നിവ ആവശ്യമാണെന്ന് വിദഗ്ധര്‍. അടുത്ത ഒക്ടോബര്‍ 3 മുതല്‍ 18 വരെ നടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ വികസിത കൃഷി സങ്കല്പ് കാമ്പയിനിനുള്ള കര്‍മ പദ്ധതി തയ്യാറാക്കാന്‍ സംഘടിപ്പിച്ച സംസ്ഥാനതല വെബിനാറിലാണ് നിര്‍ദേശം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ വെബിനാറില്‍ കേന്ദ്രസംസ്ഥാന കൃഷി,ഫിഷറീസ്,മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, സര്‍വകലാശാല അധ്യാപകര്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ജലപരിപാലനം, കീടരോഗ നിരീക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗുണം ചെയ്യും. കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്നത് സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് കനത്ത ഭീഷണിയാണെന്നും വെബിനാറില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യങ്ങള്‍ക്ക് രണ്ടാഴ്ചത്തെ കാമ്പയിനില്‍ പ്രത്യേക ഊന്നല്‍ നല്‍കും.
വിളകളുടെ വൈവിധ്യവല്‍ക്കരണം, വിവിധ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം, സാങ്കേതികവിദ്യകളുടെ പ്രചാരണം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിന് കര്‍മപദ്ധതി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍, സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും യോജിച്ച് പ്രവര്‍ത്തിക്കും. തോട്ടവിളകള്‍, ഭക്ഷ്യവിളകള്‍, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ സംസ്ഥാനത്തെ കാര്‍ഷിക, അനുബന്ധ മേഖലകളിലെ കര്‍ഷകരുമായി ശാസത്രജ്ഞര്‍ കൂടിക്കാഴ്ച നടത്തും. മേഖലകളിലെ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, വാണിജ്യപരമായി ലാഭകരമായ സാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കല്‍, ഗവേഷണയോഗ്യമായ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, കര്‍ഷകരുടെ നൂതനാശയങ്ങള്‍ മനസ്സിലാക്കല്‍ എന്നിവയും ക്യാമ്പയിനിന്റെ ലക്ഷ്യങ്ങളാണ്. ഐസിഎആറിന് കീഴിലുള്ള കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ സാങ്കേതി പിന്തുണ നല്‍കും. കാര്‍ഷിക ഫിഷറീസ് വെറ്ററിനറി സര്‍വാകലാശാലകളിലെ അധ്യാപകരും സഹകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് ഏകോപന ചുമതല. ജില്ലാതലത്തില്‍ ക്യാംമ്പയിന് നേതൃത്വം നല്‍കുന്നത് അതാത് ജില്ലകളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളാണ്. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സമാനമായ കാമ്പെയ്നില്‍ 14 ജില്ലകളിലായി ആകെ രണ്ടര ലക്ഷത്തിലധികം കര്‍ഷകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്, ഡോ. വി. വെങ്കടസുബ്രഹ്മണ്യന്‍, ഡോ. സാജു ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

