കാന്‍സര്‍ മാറാരോഗമല്ല : ഡോ. വി.പി ഗംഗാധരന്
കൊച്ചി: കാന്‍സറിന് മുന്നില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്ന് ലോകത്തോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കളിച്ചും ചിരിച്ചും പാട്ടുകള്‍ പാടിയും നൃത്തം ചവിട്ടിയും അവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ പിന്തുണയുമായി സമൂഹത്തിന്റെ നാനാ തുറയിലുമുള്ള പ്രമുഖരുടെ നീണ്ട നിര തന്നെയാണ് കലൂര്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
കാന്‍സര്‍ രോഗ വിദഗ്ദന് ഡോ. വി.പി ഗംഗാധരന്റെ നേതൃത്വത്തില്‍ നടന്ന കാന്‍സര്‍ ചികില്‍സയില്‍ രോഗമുമുക്തി നേടിയവരും തുടര്‍ ചികില്‍സയില്‍ ഇരിക്കുന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചന് കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ‘ സൗഹൃദ ഗംഗ ‘ എന്ന സംഗമാണ് സമൂഹത്തിന് മുന്നില്‍ കരുതലിന്റെയും സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും പുതിയ അധ്യായം തുറന്നത്.കാന്‍സര്‍ ഒരിക്കലും ഒരു മാറാരോഗമല്ലെന്നും കാന്‍സര്‍ പിടിപെട്ടുകഴിഞ്ഞാല്‍ എല്ലാം അവസാനിച്ചുവെന്നത് മിഥ്യാ ധാരണയാണെന്നും സംഗമത്തിന് ചുക്കാന്‍ പിടിച്ച കാന്‍സര്‍ രോഗ വിദഗ്ദന് ഡോ. വി.പി ഗംഗാധരന് പറഞ്ഞു. കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ രോഗം ബാധിച്ചവരെക്കുറിച്ചും രോഗമുക്തിനേടിയവരെക്കുറിച്ചുമെല്ലാം ധാരാളം തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
പലരും വിചാരിക്കുന്നത് കാന്‍സര്‍ ബാധിച്ചവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങിവന്നാലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ പ്രാപ്തിയില്ലെന്നാണ് ഇത് തികച്ചും തെറ്റിദ്ധാരണയാണെന്നും അങ്ങനെ ചിന്തിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന സൗഹൃദ ഗംഗ എന്ന സംഗമമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ എന്ന രോഗത്തെ കീഴടക്കി വിജയം നേടിയവരാണ് ഇതില്‍ പങ്കെടുത്ത് പാട്ടുപാടുകയും നൃത്തം ചവിട്ടുകയുമൊക്കെ ചെയ്യുന്നത്. രോഗമുക്തി നേടിയതിനു ശേഷം അവര്‍ എല്ലാവരും സാധാരണ ജീവിതം നയിക്കുന്നവരാണ്. കാന്‍സര്‍ ബാധിച്ചവര്‍ ഒരിക്കലും നിരാശപ്പെടേണ്ട കാര്യമില്ല.മറിച്ച് തങ്ങള്‍ അതിനെ അതിജീവിക്കുമെന്ന ധൈര്യത്തോടെ മുന്നോട്ടു പോകുകയാണ് വേണ്ടതെന്നുംഡോ. വി.പി ഗംഗാധരന് പറഞ്ഞു. കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരെ പ്രതിനിധീകരിച്ച് ദിയ, മനോജ്, ചാന്ദ്നി, ജീവന്, ഗൗരി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചതോടെയാണ് സംഗമത്തിന് തുടക്കമായത്.
വൈകുന്നേരം അഞ്ചു മണിവരെ നീണ്ടു നിന്ന സംഗമത്തില്‍ കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ വിവിധ കലാപരിപാടികള്‍ നടന്നു. എഡിജിപി പി. വിജയന്, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പുട്ടവിമാലാദിത്യ, റൂറല്‍ എസ്.പി സതീഷ്, സംവിധായകന് ജയരാജ്, ചലച്ചിത്രതാരം സഞ്ജു ശിവറാം, വിപിഎസ് ലേക്ക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുള്ള, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം,ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍, ഡോ. മോഹന്‍ മാത്യു, മജീഷ്യന്‍ സാമ്രാജ്,ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എഴുത്തുകാരി ചന്ദ്രമതി ടീച്ചര്‍, വയലിനിസ്റ്റ് ബിജു മല്ലാരി തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.