നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’ എന്നിവയാണ് ഒരേദിവസം നീറ്റിലിറക്കിയത്
കൊച്ചി: സാങ്കേതികത്തികവും നിര്‍മാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’ എന്നിവയാണ് ഒരേദിവസം നീറ്റിലിറക്കിയത്. രാജ്യത്തിന്റെ നാവിക പ്രതിരോധ മേഖല, വാണിജ്യ കപ്പല്‍ നിര്‍മാണം, ഹരിത സമുദ്രഗതാഗതം എന്നിവയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരസ്ഥമാക്കിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകള്‍. കൂടാതെ, മാരിടൈം ഇന്ത്യ വിഷന്‍ 2030, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ സുസ്ഥിര സമുദ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും ഇതിലൂടെ സാധിക്കും.
ഇന്ത്യന്‍ നേവിക്കുവേണ്ടി നിര്‍മിച്ച ആറാമത്തെ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലിന്റെ ലോഞ്ചിംഗ് നാവികസേന വൈസ് അഡ്മിറല്‍ ആര്‍ സ്വാമിനാഥന്റെ പത്‌നി രേണു രാജാറാം നിര്‍വഹിച്ചു. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള രാജ്യത്തെ ഏറ്റവും വലിയ സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’യുടെ ലോഞ്ചിംഗ് ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഉഇക) പ്രതിനിധി ശിരോഭൂഷണം സുജാത നിര്‍വഹിച്ചു. തീരത്തുനിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിംഗ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസലിന്റെ ലോഞ്ചിംഗ് കൊച്ചി പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ബി കാശിവിശ്വനാഥന്റെ പത്‌നി വസന്ത നിര്‍വഹിച്ചു. അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ രാവിലെയും ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍, ഡിസിഐ ഡ്രഡ്ജര്‍ ഗോദാവരി എന്നിവ ഉച്ചയ്ക്ക് ശേഷവുമാണ് നീറ്റിലിറക്കിയത്. ചടങ്ങില്‍ നാവികസേന വൈസ് അഡ്മിറല്‍ ആര്‍ സ്വാമിനാഥന്‍, കൊച്ചി പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ബി കാശിവിശ്വനാഥന്‍ , ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. എം അംഗമുത്തു , പെലാജിക് വിന്‍ഡ് സര്‍വീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെല്‍ഡ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍, നാവികസേനയിലെയും കൊച്ചി കപ്പല്‍ശാലയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നാവികസേനയുടെ ശേഖരത്തിലേക്ക് ആറാമത്തെ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍
നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന 8 ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ ആറാമത്തേതാണ് നീറ്റിലിറക്കിയത്. രാജ്യത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തു നിര്‍മിച്ച ഈ അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലിന് 78 മീറ്റര്‍ നീളവും 896 ടണ്‍ ഭാരവുമാണുള്ളത്. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക അണ്ടര്‍വാട്ടര്‍ സെന്‍സറുകള്‍, വെള്ളത്തില്‍നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്‍പ്പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. ‘ഐഎന്‍എസ് മഗ്ദല’ എന്നാണ് കപ്പലിന്റെ പേര്. നേരത്തെ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍, ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി എന്നിങ്ങനെ 5 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ നാവികസേനയ്ക്ക് കൈമാറിയിരുന്നു. സമുദ്രാതിര്‍ത്തിയില്‍ സംരക്ഷണ കവചമൊരുക്കാന്‍ നാവിക സേനയ്ക്ക് കരുത്തേകുന്നതാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍.
രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍; ഡിസിഐ ഡ്രഡ്ജ് ഗോദാവരി
ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജറാണിത്. നെതര്‍ലന്‍ഡ്‌സിലെ റോയല്‍ ഐഎച്ച്‌സിയുമായി സഹകരിച്ചാണ് നിര്‍മാണം. 127 മീറ്റര്‍ നീളവും 28.4 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. വലിയ ചരക്കുകപ്പലുകള്‍ക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തില്‍ തുറമുഖ നവീകരണം, കപ്പല്‍ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 2022 മാര്‍ച്ചിലാണ് ഡ്രഡ്ജറിന്റെ നിര്‍മാണം ആരംഭിച്ചത്.
‘ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍’
തീരത്തുനിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിംഗ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍. സാധാരണഗതിയില്‍ ഡീസല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും, കാറ്റാടിപ്പാടങ്ങളിലെ ടര്‍ബൈനുകള്‍ക്കടുത്ത് വളരെ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുമ്പോഴോ, ഡോക്ക് ചെയ്യുമ്പോഴോ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് കപ്പലിന്റെ നിര്‍മാണം. ഭാവിയില്‍ മെഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യത്തോടെയാണ് ഈ കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് 93 മീറ്റര്‍ നീളവും 19.6 മീറ്റര്‍ വീതിയുമാണുള്ളത്. കാര്‍ബണിന്റെ പുറംതള്ളല്‍ കുറയ്ക്കുന്നതിനാവശ്യമായ ക്ലീനര്‍ എനര്‍ജി സംവിധാനങ്ങളോടെ രൂപകല്‍പ്പന ചെയ്ത ഈ കപ്പല്‍ ഓഫ്‌ഷോര്‍ സാങ്കേതിക വിദഗ്ദ്ധര്‍ക്കുള്ള ഒരു ഫ് ളോട്ടിംഗ് ഹോട്ടലായും ഉപയോഗിക്കാം.


