ഇന്ത്യന്‍ നാവികസേനയുടെ ആഴക്കടല്‍ ദൗത്യം:  എ20 കമ്മീഷന്‍ ചെയ്തു

ഈ വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്ന പതിനൊന്നാമത്തെ കപ്പലാണ് ഡിഎസ് സി എ20.
കൊച്ചി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്ത് പകര്‍ന്ന് ആഴക്കടല്‍ ദൗത്യങ്ങള്‍ക്കുള്ള ഡൈവിംഗ് സപ്പോര്‍ട്ട് കപ്പല്‍ (ഡിഎസ് സി) എ20 നാവികസേനയുടെ ഭാഗമായി. ഈ വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്ന പതിനൊന്നാമത്തെ കപ്പലാണ് ഡിഎസ് സി എ20.  കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നടന്ന കമ്മീഷനിംഗ് ചടങ്ങിന് ദക്ഷിണ നാവിക കമാന്‍ഡിന്റെ ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന അധ്യക്ഷത വഹിച്ചു. ഡിഎസ് സി എ20 കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഹേമന്ത് സിംഗ് ചൗഹാന്‍ കമ്മീഷനിംഗ് വാറന്റ് വായിച്ചു. തുടര്‍ന്ന് ദേശീയഗാനത്തിന്റെ ആലാപനത്തോടൊപ്പം നാവിക സേന അംഗങ്ങള്‍ കപ്പലില്‍ നാവിക സേനയുടെ പതാക ഉയര്‍ത്തി, കപ്പലിലെ സേനാംഗങ്ങള്‍  കളര്‍ ഗാര്‍ഡ് അവതരിപ്പിച്ച്  സല്യൂട്ട് നല്‍കി. കപ്പല്‍ സജീവ നാവികസേവനത്തിലേക്ക് പ്രവേശിച്ചതിന്റെ ഔദ്യോഗിക അടയാളമായി കമ്മീഷനിംഗ് പെനന്റും ഉയര്‍ത്തി തുടര്‍ന്ന് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന കമ്മീഷനിംഗ് ഫലകം അനാവരണം ചെയ്തു.
ഡിഎസ് സി എ 20  ഇന്ത്യന്‍ നാവികസേനയുടെ  ആഴക്കടല്‍ മേഖലയിലെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന നിര്‍ണായക ഘടകമാണെന്നും സ്വദേശീയ രൂപകല്‍പ്പന, നിര്‍മ്മാണം, സിസ്റ്റം ഇന്റഗ്രേഷന്‍ എന്നിവയിലൂടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ദര്‍ശനത്തിന്റെ മികച്ച ഉദാഹരണമാണെന്നും  വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന വ്യക്തമാക്കി. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഡൈവിംഗ് വിദഗ്ധ സേവനങ്ങള്‍, ആഴക്കടല്‍ പരിപാലന സഹായം, രക്ഷാപ്രവര്‍ത്തന പിന്തുണ എന്നിവ നല്‍കി ഇന്ത്യ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക കാറ്റാമരാന്‍ഹള്‍ ഡിസൈനിലുള്ള ഡിഎസ്‌സി എ20 , വികസിത ഡൈവിംഗ് സംവിധാനങ്ങളും അത്യാധുനിക ആഴക്കടല്‍ വീഡിയോ നിരീക്ഷണ, റെക്കോര്‍ഡിംഗ്, ട്രാക്കിംഗ് സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.
സുരക്ഷിതവും ദീര്‍ഘകാലവുമായ ഡൈവിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രണ്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന റീകമ്പ്രഷന്‍ ചേംബര്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട കര്‍മ്മശേഷി, വൈദഗ്ധ്യം, ആധുനിക ഡൈവിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയോടെ ഡിഎസ് സി എ 20  ഇന്ത്യന്‍ നാവികസേനയുടെ ആഴക്കടലിലെ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കുകയും സമുദ്ര സുരക്ഷാ ഘടനയില്‍  പ്രധാന ഫോഴ്‌സ് മള്‍ട്ടിപ്ലയറായി പ്രവര്‍ത്തിക്കുകയും ചെയ്യും. മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍, നാവികസേനയിലെ മുന്‍സേനാംഗങ്ങള്‍, കല്‍ക്കത്ത ആസ്ഥാനമായ  ടിറ്റാഗഢ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രതിനിധികള്‍, സിവിലിയന്‍ വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിഎസ് സി എ20 ഔദ്യോഗികമായി സജീവ സേവനത്തിലേക്ക് പ്രവേശിച്ചതോടെ നാവികസേനയുടെ ജലാന്തര്‍ഗത പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനം, ക്ലിയറന്‍സ് ശേഷികള്‍ എന്നിവയ്ക്ക് കൂടുതല്‍ കരുത്താകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു