കാന്‍സര്‍ ചികില്‍സാ രംഗത്ത് പുത്തന്‍ പ്രതീക്ഷ; കാര്‍-ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് നടന്നു

ആധുനിക ചികില്‍സാ രീതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിംഗ് ഡയറക്ടര്‍    ഡോ ദിവ്യ എസ്.അയ്യര്‍
കൊച്ചി :  വൈദ്യശാസ്ത്ര രംഗത്തുണ്ടാകുന്ന ആധുനിക ചികില്‍സാ രീതികള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാകണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിംഗ് ഡയറക്ടര്‍  ഡോ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കാന്‍സറിനെതിരെയുള്ള ആധുനിക ചികില്‍സയായ കാര്‍-ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ്  ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ’ ക്യുറാ ഇമ്മ്യൂണിസ് ” കാര്‍ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് എറണാകുളം ക്രൗണ്‍പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  ഡോ ദിവ്യ എസ്.അയ്യര്‍. എത്ര വലിയ രോഗമാണെങ്കിലും താന്‍ അതിനെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ രോഗികള്‍ക്കുണ്ടാകണം. ഇത്തരം പ്രതീക്ഷകള്‍ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുകയെന്നത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമാണ്.

എന്തു ചികില്‍സയാണെങ്കിലും എടുക്കുന്ന തീരുമാനം നിര്‍ണ്ണായക ഘടകമാണ്. പുത്തന്‍ ചികില്‍സാ രീതികള്‍ കണ്ടെത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പ്രയ്തനം വിലമതിക്കാനാവാത്തതാണ്. ആധുനിക ചികില്‍സയായ കാര്‍-ടി സെല്‍ തെറാപ്പി കാന്‍സര്‍ ചികില്‍സാ രംഗത്തെ നാഴികക്കല്ലാണെന്നും  ഡോ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കാന്‍സര്‍ ചികില്‍സാ രംഗത്ത് വളരെയേറെ പ്രതീക്ഷ നല്‍കുന്നതാണ് കാര്‍-ടി സെല്‍ തെറാപ്പിയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ യു.എസ്.എ യിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. സത്വ എസ്. നീലാപ്പ് പറഞ്ഞു.മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.വി ലൂയിസ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍  ആരംഭിക്കുന്ന പുതിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ്  കാര്‍-ടി സെല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനവും ഡോ. ദിവ്യ എസ് അയ്യര്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രൊഫ. ഡോ. നവീന്‍ കത്രി,ഡോ വരുണ്‍ രാജന്‍, ഡോ. പി.വി തോമസ്, ഡോ. ബോബന്‍ തോമസ്, ഡോ. വി. സുദീപ്, ഡോ. തോമസ് കുഞ്ചെറിയ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു