‘ സ്വാമിയേ ശരണമയ്യപ്പ ‘ ; ട്രെയിലര്‍ റിലീസ് ചെയ്തു
കൊച്ചി: സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് എവര്‍ഷൈന്‍ പിക്‌ചേഴ്‌സും സംവിധായകന്‍ വിജി തമ്പിയും നീണ്ട ഇടവേളയ്ക്ക് ശേഷം അയ്യപ്പന്റെ കഥയുമായി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. അയ്യപ്പസ്വാമിയുടെ യഥാര്‍ത്ഥ ചരിത്രം പറയുന്ന ‘ സ്വാമിയേ ശരണമയ്യപ്പ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും മടങ്ങിവരവ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇടപ്പള്ളി വനിതാ വിനീതാ തീയ്യറ്ററില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ റിലീസ് ചെയ്തു. സിനിമ ആധുനിക രീതിയിലുള്ള മാറ്റത്തിന്റെ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും വിജി തമ്പി സംവിധാനം ചെയ്യുന്ന എ.ഐ ചിത്രമായ സ്വാമിയേ ശരണമയ്യപ്പ വലിയ വിജയമായി മാറുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. നാളിതുവരെ അയ്യപ്പകഥകള്‍ പല രീതിയില്‍ തിരശീലയിലെത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ശ്രീ ഭുതനാഥ ഉപാഖ്യാനം എന്ന കൃതിയാണ് അയ്യപ്പസ്വാമിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടം എന്ന് പണ്ഡിത ശ്രേഷ്ഠര്‍ ഏക സ്വരത്തില്‍ സമ്മതിച്ചിട്ടുള്ളതാണ.് ഇതിനെ അടിസ്ഥാനപ്പെടുത്തി എ. ഐ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകന്‍ വിജി തമ്പി വ്യക്തമാക്കി.
മറ്റെല്ലാ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ഐ.ഐയുടെ സഹായത്താല്‍ നല്ല രീതിയില്‍ തന്നെ ചെലവ് കുറച്ച് സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ സാധിക്കും. അതിലേക്കുള്ള ആദ്യ ചുവട് വെയ്പാണ് ഈ സിനിമയെന്നും ചിത്രം 2026 ല്‍ തീയ്യറ്ററുകളില്‍ എത്തുമെന്നും വിജി തമ്പി പറഞ്ഞു. നിര്‍മ്മാതാവ് എവര്‍ഷൈന്‍ മണി, പ്രൊജക്ട് ഡിസൈനര്‍ സുരേഷ് മണ്ണാര്‍ക്കാട്, എ. ഐ വിഷ്വലൈസേഷന്‍ ടെക്‌നീഷ്യന്‍ വിനോ, വി.എഫ്.എക്‌സ് കണ്‍സള്‍ട്ടന്റ് വാസുദേവന്‍ കൊരട്ടിക്കര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.വിഷ്ണു വര്‍ദ്ധന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്. നരേഷന്‍ ആന്റ് സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. രാജേന്ദ്രബാബു, എ. ഐ വിഷ്വലൈസേഷന്‍ – വിനോ, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതം- എം. ജയചന്ദ്രന്‍, ഗാനരചന- ഹരിനാരായണന്‍, കണ്‍സള്‍ട്ടന്റ് സിനിമാട്ടോഗ്രാഫര്‍- ഉണ്ണി മടവൂര്‍, പ്രൊജക്ട് ഡിസൈനര്‍- സുരേഷ് മണ്ണാര്‍ക്കാട്, വി.എഫ്.എക്‌സ് കണ്‍സള്‍ട്ടന്റ് -വാസുദേവന്‍ കൊരട്ടിക്കര, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റുഡിയോ ഇബിജി ഫിലിംസ്, 4ഫ്രെയിംസ്. 2013ല്‍ ദിലീപിനെ നായകനാക്കി നാടോടി മന്നന്‍ എന്ന ചിത്രമാണ് വിജി തമ്പി അവസാനമായി സംവിധാനം ചെയ്തത്. വിറ്റ്‌നസ്, ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്, കാലാള്‍പ്പട, സൂര്യമാനസം, ജനം, അവിട്ടം തിരുന്നാള്‍ ആരോഗ്യശ്രീമാന്‍, സിംഹവാലന്‍ മേനോന്‍, കൃത്യം, ബഡാ ദോസ്ത്, സത്യമേവ ജയതേ തുടങ്ങിയവയാണ് വിജി തമ്പിയുടെ മറ്റു ചിത്രങ്ങള്‍. മനുഷ്യമൃഗം, ബോയിംഗ് ബോയിംഗ്, സന്ദേശം, ആയുഷ്‌ക്കാലം, സൈന്യം, സത്യമേവ ജയതേ തുടങ്ങിയവയാണ് എവര്‍ഷൈന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ചിത്രങ്ങള്‍


