എറണാകുളം കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ രണ്ടു ദിവസമായി നടന്നു വന്ന കായിക മാമാങ്കത്തില്‍ അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട്, സോഫ്റ്റ്‌ബോള്‍ ത്രോ, റോളര്‍ സ്‌കേറ്റിംഗ്, നീന്തല്‍, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തു
കൊച്ചി: ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡിഎസ്എഫ് ഐ), ദി ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ് (ദോസ്ത്), സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് കേരള ഘടകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള എട്ട് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച് മൂന്നാമത് ഡൗണ്‍ സിന്‍ഡ്രോം ദേശീയ ഗെയിംസ് സമാപിച്ചു. എറണാകുളം കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ടസ് സെന്ററില്‍ രണ്ടു ദിവസമായി നടന്നു വന്ന കായിക മാമാങ്കത്തില്‍ അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട്, സോഫ്റ്റ്‌ബോള്‍ ത്രോ, റോളര്‍ സ്‌കേറ്റിംഗ്, നീന്തല്‍, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നായി 200 ഓളം പേര്‍ പങ്കെടുത്തു.
അത്‌ലറ്റികസ്, നീന്തല്‍, ബാഡ്മിന്റണ്‍ എന്നിവ ആദ്യദിനവും ഷോട്ട് പുട്ട്, സോഫ്റ്റ്‌ബോള്‍ ത്രോ, റോളര്‍ സ്‌കേറ്റിംഗ് എന്നിവ സമാപന ദിനമായ ഞായറാഴ്ച(ഫെബ്രുവരി 09)യുമായിട്ടായിരുന്നു നടന്നത്. ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ് ചെയര്‍മാനും ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കേരള പ്രസിഡന്റുമായ ഡോ.ഷാജി തോമസ് ജോണ്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുരേഖ രാമചന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു.സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് റീജ്യണല്‍ ഡയറക്ടര്‍ ഫാ. റോയ് കണ്ണഞ്ചിറ, ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് കേരള സെക്രട്ടറി നസ്രിന്‍ അഗ്ഫ, ജോയിന്റ് സെക്രട്ടറി ടെസി നിമിഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.