സാങ്കേതിക വിദ്യയുടെ വികസനത്തോടെ വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനത്തിലേക്ക് ലോകം എത്തിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു
കൊച്ചി: സഹതാപമല്ല ദീനാനുകമ്പയാണ് മനുഷ്യര്‍ക്ക് വേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഏര്‍പ്പെടുത്തിയ ഡോ. ജെ. അലക്‌സാണ്ടര്‍ സ്മാരക പുരസ്‌കാരം കേരള ഹൈക്കോടതി ജഡ്ജി ജസറ്റിസ് പി. ഗോപിനാഥില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒറ്റ പൗരത്വം മാത്രമേയുള്ളു അതില്‍ ഇന്ത്യാക്കാരനെന്നും അമേരിക്കക്കാരനെന്നും ജര്‍മ്മന്‍കാരനെന്നുമൊക്കെയുള്ള വേര്‍തിരിവ് മനുഷ്യര്‍ ഉണ്ടാക്കിയ പരിധികളും പരിമിതികളുമാണ്. വെട്ടിപിടിച്ചും ഗണം തിരിച്ചും ഉണ്ടാക്കിയ മനുഷ്യന്റെ സ്വാര്‍ഥതയുടെയും അഹങ്കാരത്തിന്റെയുമൊക്കെ ബാക്കി പത്രമാണ് ഈ വേര്‍തിരിവ്. സാങ്കേതിക വിദ്യയുടെ വികസനത്തോടെ വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനത്തിലേക്ക് ലോകം എത്തിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് അനുകമ്പയുള്ളവരായി മാറുമ്പോഴാണ് ജാതി,മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കപ്പുറം സൃഷ്ടാവ് സൃഷ്ടിച്ച ഒറ്റ മനുഷ്യവര്‍ഗ്ഗത്തില്‍ വസുധൈവകുടുംബകം എന്ന സങ്കല്‍പ്പം പൂര്‍ത്തിയാകുന്നതെന്നും മലങ്കരസഭാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇല്ലായ്മയെ അതിജീവിച്ചാല്‍ എല്ലാത്തിനെയും അതിജീവിക്കാമെന്ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രസഹമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. പുരസ്‌ക്കാര ജേതാവായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവായുടെ ജീവിതം നല്‍കുന്ന സന്ദേശം സമൂഹം മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ ഐ.സി.എം പ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ് ഐ.ആര്‍.എസ് അധ്യക്ഷത വഹിച്ചു. ഐ.സി.എം മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ.വി സാബു എഴുതിയ ‘ ഹൗസ് ഓഫ് ലോര്‍ഡസ് ‘ എന്ന പുസ്തകം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു മുന്‍ ജഡ്ജി ജസ്റ്റിസ് മേരി ജോസഫിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്, വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യുബിസി) കെയര്‍ മിഡില്‍ വെയ്റ്റ് ചാംപ്യനും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ.എസ് വിനോദ്, ടൂറിസം മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പി.ബി ബോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോര്‍എപ്പിസ്‌കോപ്പ റവ.ഫാ. ഐസക്ക് മട്ടമ്മല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, മുന്‍ എം.എല്‍.എ അഡ്വ. എം. എം മോനായി, ഐ.സി.എം സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ വര്‍ഗ്ഗീസ്, ഐ.സി.എം ട്രഷറര്‍ എബ്രഹാം തോമസ്, ഐ.സി.എം വിമന്‍സ് കോര്‍ഡിനേറ്റര്‍ ലിസി ബിജു, അഡ്വ. ശ്രീജിത്, അഡ്വ. ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


