എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് പുതിയ മുഖം ;
രൂപ രേഖയുമായി സി നജീബ്

എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് പുതിയ മാതൃകയാണ് ആര്‍ക്കിടെക്ട് സി നജീബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

 

കൊച്ചി: സര്‍ക്കാര്‍ തലത്തിലുള്ള പദ്ധതികളില്‍ പുതിയ തലമുറകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരുക്കിയെടുക്കാനുള്ള പദ്ധതിയുമായി ആര്‍ക്കിടെക്ട് സി നജീബ്.എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് പുതിയ മാതൃകയാണ് ആര്‍ക്കിടെക്ട് സി നജീബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിറ്റി സര്‍വീസുകള്‍, ദീര്‍ഘദൂര ബസ്സുകള്‍ തുടങ്ങി വ്യത്യസ്ത രീതിയിലാണ് ബസ് സ്റ്റാന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.ബസ് സ്റ്റാന്റിന്റെ താഴെ നിലയില്‍ സിറ്റി സര്‍വീസും അതേ സ്ഥലം ഉപയോഗിച്ച് റാപ് വഴി ദീര്‍ഘദൂര ബസ്സുകള്‍ക്കുള്ള സ്ഥലവും തയ്യാറാക്കിയിരിക്കുന്നു.

വ്യത്യസ്തരായ ആയിരക്കണക്കിന് ആളുകള്‍ വന്നു ചേരുന്ന സ്ഥലമായതിനാല്‍ അന്വേഷണ കൗണ്ടറുകള്‍, കോഫി ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, യാത്രയുമായി ബന്ധപ്പെട്ട ഓഫിസ് സ്‌പേസുകള്‍, ചെറിയ സിനിമാ തിയേറ്ററുകള്‍, ട്രാവലിംഗ് ഹെല്‍പ് സെന്ററുകള്‍, റിട്ടയറിംഗ് മുറികള്‍, വിവിധതരം റസ്റ്റോറന്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ആധുനിക രീതിയിലുള്ള ഷോപ്പിംഗ് മാള്‍ രീതിയിലുള്ള ബസ് സ്റ്റാന്റാണ് ഡിസൈനിലുള്ളത്. ബസ് സ്റ്റാന്റിലേക്ക് വരുന്നവര്‍ക്ക് കാറിലോ മറ്റു വാഹനങ്ങളിലോ വന്നിറങ്ങുവാനുമുള്ള സൗകര്യമുണ്ടാകും.സര്‍ക്കാര്‍ സ്വന്തമായോ സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെയോ ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കും. നഗര വളര്‍ച്ചയ്ക്ക് അനുസൃതമായി യാത്രാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് എറണാകുളം കെ എസ് ആര്‍ ടി സി ബസ് പദ്ധതി.

യാത്രയ്ക്ക് മാത്രമല്ല വിശ്രമത്തിലും സുരക്ഷിതത്വത്തിനും ഷോപ്പിംഗിനും വിനോദത്തിനും ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനാവുന്ന സമ്പൂര്‍ണ ബസ് സ്റ്റാന്റ് ഡിസൈനാണ് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹിക പ്രതി ബദ്ധതയുടെ യുടെ ഭാഗമായാണ് താന്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നെന്നും ഗതാഗത മന്ത്രി ബി ഗണേഷ് കുമാറിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല സര്‍ക്കാരേതര ആര്‍ക്കിടെക്ടുകളുടെ സേവനം കൂടി ഉപയോഗപ്പെടുത്തി മികച്ച സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഗവണ്‍മെന്റുകള്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Spread the love