റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ് ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍ടി സെല്‍ തെറാപ്പി തുടങ്ങി വിവിധങ്ങളായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ സൗത്ത് ബ്ലോക്കില്‍ സജ്ജമാണ്
കൊച്ചി: ആധുനിക ചികിത്സാ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. നൂതന ചികില്‍സാ സംവിധാനങ്ങളായ റോബോട്ടിക് സര്‍ജറി, ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ് ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍ടി സെല്‍ തെറാപ്പി തുടങ്ങി വിവിധങ്ങളായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി സൗത്ത് ബ്ലോക്ക് എന്ന പേരില്‍ നിലവിലെ ആശുപത്രിക്ക് സമീപം പുതിയ ബഹുനില കെട്ടിടം പ്രവര്‍ത്തന സജ്ജമായി. വിദേശികളും സ്വദേശികളുമായ രോഗികള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നതിനായി ശീതീകരിച്ച സിംഗിള്‍ റൂമുകള്‍, സ്യുട്ട് റൂമുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ടൂറിസത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു. മികച്ച കാന്റീന്‍ സൗകര്യവും, ഇന്‍ഷുറന്‍സ് സംവിധാനങ്ങളും കൂടാതെ 150ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യവും പുതിയ ബ്ലോക്കില്‍ ഉണ്ട്.
17 ന് വൈകിട്ട് 5ന് എറണാകുളം താജ് വിവാന്തയില്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ സൗത്ത് ബ്ലോക്കിന്റെ ഉദ്ഘാടനം സംസ്ഥാന ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വ്വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ആന്റ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ. പി.വി തോമസ്, ഫിനാന്‍സ് ഡയറക്ടര്‍ പി.വി.സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് പറഞ്ഞു.
1973ല്‍ പള്ളിമുക്കില്‍ ഡോ. പി.എ.വര്‍ഗീസ് എന്ന ദീക്ഷണശാലിയായ ഭിഷഗ്വരന്‍ ചെറിയ ക്ലിനക്കായി തുടങ്ങിയ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ പരിപാലന രംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.സ്വകാര്യ മേഖലയിലെ ആദ്യ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നതിലുപരി ആരോഗ്യ പരിപാലന രംഗത്തെ ഒട്ടനവധി നൂതന ശസ്ത്രക്രിയകളും, ചികിത്സാ സംവിധാനങ്ങളും കേരളത്തില്‍ ആദ്യമായി നടപ്പാക്കി വിജയിപ്പിച്ചത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയാണ്. ആക്‌സിഡന്റുകള്‍ക്കായി മാത്രം ആദ്യ ട്രോമ കെയര്‍ യൂണിറ്റ്, ഹൃദയം മാറ്റിവെയ്ക്കല്‍, ഒരേ സമയം വ്യത്യസ്തങ്ങളായ അവയവങ്ങള്‍ മാറ്റിവയ്ക്കല്‍, അറ്റുപോയ ശരീരഭാഗങ്ങള്‍ തുന്നി ചേര്‍ക്കല്‍ തുടങ്ങി അതിസങ്കീര്‍ണ്ണമായ നിരവധി ശസ്ത്രക്രിയകള്‍ ആദ്യമായി നടപ്പാക്കി അനേകം രോഗികളെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.വി.ലൂയിസ് പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും, നിര്‍ദ്ദനരുടെയും ആശാകേന്ദ്രമായി മെഡിക്കല്‍ ട്രസ്റ്റിന് മാറാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈപ്പിനിലെ കുഴുപ്പിള്ളിയില്‍ ഏറ്റെടുത്ത് നവീകരിച്ച ആശുപത്രിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. എം.ജി.റോഡില്‍ മെഡിക്കല്‍ ട്രസ്റ്റ് നോര്‍ത്ത് ബ്ലോക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് ബ്ലോക്കില്‍ ഐ.വി.എഫ്, കുട്ടികളുടെ മാനസിക ആരോഗ്യം, ഓട്ടിസം തുടങ്ങി ചികിത്സകള്‍ക്കായി മദര്‍ ലൈന്‍ എന്ന പേരില്‍ പുതിയ ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു. സൗത്ത് ബ്ലോക്കിനോടനുബന്ധിച്ച് പുതിയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും പ്രവര്‍ത്തന സജ്ജമാകുന്നു. എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 800ല്‍ പരം കിടക്ക സൗകര്യമുള്ള ആശുപത്രിയാണിപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ്. എന്‍.എ.ബി.എച്ച്, എന്‍.എ.ബി.എല്‍, ഗ്രീന്‍ ഒ.ടി., എന്നീ അംഗീകാരങ്ങള്‍ക്ക് പുറമെ അത്യാഹിത വിഭാഗത്തിന് പ്രത്യേകമായി എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുളള ആശുപത്രിയും മെഡിക്കല്‍ ട്രസ്റ്റ് ആണ്. 35ല്‍ പരം സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 300 ലധികം വിദഗ്ധ ഡോക്ടര്‍മാരും, നഴ്‌സുമാരുമുള്‍പ്പെടെ 4000ല്‍ പരം ജീവനക്കാരും സേവനം ചെയ്യുന്നു.ചികിത്സാ രംഗത്തിനപ്പുറം ഇരുമ്പനത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴില്‍ വിവിധങ്ങളായ ബിരദ ബിരുദാനന്തര പാരമെഡിക്കല്‍ കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും നടത്തിവരുന്നു. കൂടാതെ സ്‌കൂള്‍ ഓഫ് നഴ്‌സിംഗും, കോളേജ് ഓഫ് നഴ്‌സിംഗും പ്രവര്‍ത്തിക്കുന്നു.
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്തും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയും പതിറ്റാണ്ടുകളിലൂടെ വളര്‍ത്തിയെടുത്ത വിശ്വാസത്തിന്റെ അടിത്തറയിലൂന്നി മെഡിക്കല്‍ ട്രസ്റ്റ് മുന്നേറുന്നുവെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.