ഡിജിറ്റല്‍ റേഡിയോ ഗ്രാഫി സംവിധാനത്തിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ. ജി. എന്‍ രമേഷ് നിര്‍വ്വഹിച്ചു
കൊച്ചി: എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ഡൗണ്‍ ടൗണ്‍ സംഭാവന ചെയ്ത എക്സ് റേ യൂണിറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ റേഡിയോ ഗ്രാഫി സംവിധാനത്തിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ. ജി. എന്‍ രമേഷ് നിര്‍വ്വഹിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള രോഗ നിര്‍ണ്ണയം സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. ജി. എന്‍ രമേഷ് പറഞ്ഞു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന ഡിജിറ്റല്‍ റേഡിയോ ഗ്രാഫി, എക്സ് റേ യൂണിറ്റ് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ഡൗണ്‍ ടൗണിന്റെകൂടി സഹായത്താല്‍ ആരംഭിച്ച ഡയാലിസ് യൂണിറ്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 20,000 ഡയാലിസിസ് നടത്തിയെന്നും അതില്‍ 15,000 എണ്ണം സൗജന്യമായിരുന്നുവെന്നും സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു. റോട്ടറിയുടെ സഹകരണത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ പറഞ്ഞു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ഡൗണ്‍ ടൗണ്‍ പ്രസിഡന്റ് സൂസി പോള്‍ അധ്യക്ഷത വഹിച്ചു. ഡിജിഎന് റൊട്ടേറിയന്‍ ആര്. ജയശങ്കര്‍ പദ്ധതി വിശദീകരണം നടത്തി. റോട്ടറി മുന്‍ ഗവര്‍ണര്‍ അഡ്വ. സുന്ദര വടിവേലു, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ഡൗണ്‍ ടൗണ്‍ മുന്‍ പ്രസിഡന്റ് രേഖാ അഗവര്‍വാള്‍, സെക്രട്ടറി സജി ചന്ദ്രന്, ആശുപത്രി ഡയറക്ടര്‍മാരായ ഇക്ബാല്‍ വലിയ വീട്ടില്‍, പി.വി അഷ്റഫ്, പി.ഡി അശോകന്, എന്‍. എ അബ്രാഹം, മുരളീധരന് ആലപ്പാട്ട്, ഡോ. ഹസീന മുഹമ്മദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


