നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് ഡിസംബര്‍ 14 ന് നാടിന് സമര്‍പ്പിക്കും

നവീകരിച്ച മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൊത്തവ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാത്രമല്ല  കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് വരെ വലിയ ഉണര്‍വ്വായിരിക്കും സമ്മാനിക്കുകയെന്ന് മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍

 

കൊച്ചി: നാല് ദശാബ്ദക്കാലത്തിലധികമായി എറണാകുളത്തെ മാര്‍ക്കറ്റ് വ്യാപാരികളുടെ ആവശ്യമായിരുന്ന നവീകരിച്ചതും വൃത്തിയുള്ളതുമായ മാര്‍ക്കറ്റ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതില്‍ എറെ ആഹ്ദമുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ജെ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി എന്‍.എച്ച്.ഷെമീദ്, ട്രഷറര്‍ കെ.പി.ബിനു, വൈസ് പ്രസിഡന്റ് ടി.എച്ച് നാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവീകരിച്ച മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൊത്തവ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാത്രമല്ല കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് വരെ വലിയ ഉണര്‍വ്വായിരിക്കും സമ്മാനിക്കുക. നവീകരിച്ച മാര്‍ക്കറ്റ് നാളെ (ഡിസംബര്‍ 14 ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ എന്നിവരുടെ കാര്യക്ഷമമായ ഇടപെടല്‍ മാര്‍ക്കറ്റ് നവീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാര്‍ക്കറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഇവരോടുള്ള നന്ദിയും രേഖപ്പെടുത്തുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ മാത്രമല്ല മറ്റു ജില്ലകളില്‍ നിന്നും ആളുകള്‍ ഇവിടെ വ്യാപാരങ്ങള്‍ക്കായി വരുന്നുണ്ട്.

എറണാകുളം മാര്‍ക്കറ്റ് നവീകരിക്കണമെന്നത് 1988 മുതലുള്ള എറണാകുളം നിവാസികളുടെയും വ്യാപാരികളുടെ ആവശ്യമായിരുന്നു. പഴയമാര്‍ക്കറ്റിരുന്ന അതേ സ്ഥലത്ത് മൂന്നു നിലകളിലായിട്ടാണ് നവീകരിച്ച മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. 275 കടകളാണ് കെട്ടിടത്തിലുള്ളത്. പഴം, പച്ചക്കറി, മുട്ട എന്നിവയുടെ വില്‍പ്പന താഴത്തെ നിലയിലും മല്‍സ്യം, മാസം വില്‍പ്പന മുകളിലത്തെ നിലയിലുമായിക്കും നടക്കുക. കെട്ടിടത്തിന്റെ ഒരൊ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ശുചിമുറി സംവിധാനം, ഭിന്നശേഷിക്കാര്‍ക്കായി റാംപ് സൗകര്യം, അത്യാധുനിക രീതിയിലുള്ള മാലിന്യസംസ്‌ക്കരണ സംവിധാനം, മാലിന്യം ഉപയോഗിച്ചുള്ള വളനിര്‍മ്മാണത്തിനുള്ള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം, മുകളിലത്തെ നിലകളിലേക്ക് എത്തുന്നതിനായി ലിഫ്റ്റ് എന്നിവയും മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട് നൂറിലധികം കാറുകളും ബൈക്കുകളും ഒരേ സമയം പാര്‍ക്കു ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ട്. എല്ലാത്തരത്തിലും എറെ സൗകര്യമായ രീതിയിലാണ് മാര്‍ക്കറ്റ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

 

Spread the love