എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു
കൊച്ചി: മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഭാവനകള്‍ എക്കാലത്തും വിലമതിക്കാനാവാത്തതെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. ശരിയായ വാര്‍ത്തകളിലൂടെ സമൂഹത്തില്‍ സുതാര്യതയും അവബോധവും വളര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു സാധിക്കുമെന്നും ബാവ കൂട്ടിച്ചേര്‍ത്തു. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യര്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒത്തുചേരലുകള്‍ നമ്മുടെ സമൂഹത്തില്‍ അനിവാര്യമാണ്. ഓണം നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും ഇതാണെന്നും ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞുമാന്യമായി ജീവിക്കാന്‍ ഈ നാട്ടിലെ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അത് മനുഷ്യ സംസ്‌കാരത്തിന് ഏല്‍ക്കുന്ന ആഘാതമാണ്. മതമോ വിശ്വാസമോ രാഷ്ട്രീയമോ ഇതിന് തടസ്സമാകരുത്. എല്ലാവര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കണം. അത് എവിടെ നിഷേധിക്കപ്പെടുന്നുവോ, അവിടെയെല്ലാം അതിന് ഉത്തരവാദി നമ്മളെല്ലാവരുമാണ്.
ഈ ഉത്തരവാദിത്തബോധത്തോടെ നമ്മുടെ കേരളത്തെ ഒന്നായി കാണാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ശ്രേഷ്ഠ ബാവായോടൊപ്പം മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ എല്‍ദോസ് മോനോത്തുമാലില്‍, ഗ്ലീസന്‍ ബേബി, സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, മുന്‍ സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, ജെ.എസ്.സി ന്യൂസ് എഡിറ്റര്‍ ജൂഡിന്‍ ജോയി എന്നിവരും പങ്കെടുത്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ്, മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി തോമസ്, എം.പി മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഹംദുള്ള സെയ്ദ്, എം.എല്‍.എ മാരായ കെ ബാബു, ടി.ജെ വിനോദ്, അന്‍വര്‍ സാദത്ത്, സി പി എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു, സി.ജി രാജഗോപാല്‍, സി.പിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് അരുണ്‍കുമാര്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആര്‍ റെനീഷ്, ജില്ലാ കമ്മിറ്റിയംഗം ടി.സി സഞ്ജിത്, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ് എ എസ് നവാസ്, കൗണ്‍ലിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൂക്കള മത്സരത്തില്‍ വനിത ടീം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം 24 ന്യൂസും കരസ്ഥമാക്കി. മാതൃഭൂമി മൂന്നാം സ്ഥാനം നേടി. കാഞ്ഞൂര്‍ നാട്ടു പൊലിമയുടെ നാടന്‍ പാട്ടും അരങ്ങേറി.

