ഗ്ലോക്കോമ നിശബ്ദത കൊലയാളിയാണെന്നും മികച്ച പരിശോധനയില്‍ മാത്രമേ ഈ അസുഖം കണ്ടുപിടിക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ പറഞ്ഞു
കൊച്ചി: ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി ഇന്നും നാളെയും (മാര്‍ച്ച് 11, 12 തിയതികളില്‍) ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ഗ്ലോക്കോമ പരിശോധന ക്യാമ്പ് നടത്തുമെന്ന് ദി ഐ ഫൗണ്ടേഷന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ പ്രവീണ്‍ മുരളി, സീനിയര്‍ ഗ്ലോക്കോമ വിദഗ്ധന്‍ ഡോക്ടര്‍ ഉമേഷ് കൃഷ്ണ, മാനേജര്‍ എ.ടി ദയാനിധി, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ആറു മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ ആറുവരെയും നടക്കുന്ന ക്യാമ്പില്‍ സൗജന്യ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ എന്നീ പരിശോധനകള്‍ ഉണ്ടായിരിക്കും. ദി ഐ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ മാര്‍ച്ച് 31 വരെ എല്ലാ പൊതുജനങ്ങള്‍ക്കും 9 മണി മുതല്‍ 6 മണി വരെ സൗജന്യ നേത്ര പരിശോധന, ഗ്ലോക്കോമ നിര്‍ണയ പരിശോധന എന്നിവയും സൗജന്യമായിരിക്കും.ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് അവെയര്‍നെസ് പ്രോഗ്രാം, പ്രിവിലേജ് കാര്‍ഡ് ഡിസ്ട്രിബ്യൂഷന്‍, സൗജന്യ ഗ്ലോക്കോമ ബോധവല്‍ക്കരണ ക്യാമ്പയിന്‍ എന്നിവയും നടത്തി വരുന്നുണ്ട്. ഗ്ലോക്കോമ നിശബ്ദത കൊലയാളിയാണെന്നും മികച്ച പരിശോധനയില്‍ മാത്രമേ ഈ അസുഖം കണ്ടുപിടിക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ പറഞ്ഞു. കണ്ണിന്റെ അകത്ത് പ്രഷര്‍ കൂടി ഞരമ്പിന് തകരാര്‍ സംഭവിക്കുന്ന അവസ്ഥയാണ് ഗ്ലോക്കോമ .ഇതിന് ആദ്യഘട്ടത്തില്‍ വേദനയോ, ബുദ്ധിമുട്ടോ, കാഴ്ചക്ക് പ്രശ്‌നങ്ങളോ ഉണ്ടാവില്ല, തുടക്കത്തില്‍ തന്നെ പരിശോധിച്ച് രോഗം കണ്ടെത്തിയാല്‍ ചികില്‍സയിലൂടെ നല്ല രീതിയിലുള്ള കാഴ്ച തിരിച്ചു കൊണ്ടുവരാന്‍ സാധിക്കും. പുതിയ രീതിയിലുള്ള ഗ്ലൂക്കോമ കീഹോള്‍ സര്‍ജറികള്‍ ദി ഐ ഫൗണ്ടേഷന്‍ ഹോസ്പിറ്റലില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണെന്നും ഇവര്‍ പറഞ്ഞു.

