കൊച്ചി: 2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 518483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1030.23 കോടി രൂപയിലെത്തി.ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി.വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 209403.34 കോടി രൂപയില്‍ നിന്ന് 234836.39 കോടി രൂപയായി വര്‍ധിച്ചു. 12.15 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 14.50 ശതമാനം വര്‍ധിച്ച് 77212.16 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.76 ശതമാനം വര്‍ധിച്ച് 27199 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 8.39 ശതമാനം വര്‍ധിച്ച് 79773.79 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 11.44 ശതമാനം വര്‍ദ്ധിച്ച് 19064.36 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 20.93 ശതമാനം വളര്‍ച്ചയോടെ 30505 കോടി രൂപയായി വര്‍ധിച്ചു.
മൊത്തവരുമാനം 13.70 ശതമാനം വര്‍ധനയോടെ 7654.31 കോടി രൂപയിലെത്തി. 4375.54 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1040.38 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.44 ശതമാനമാണിത്. 75.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33121.64 കോടി രൂപയായി വര്‍ധിച്ചു. 16.40 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1589 ശാഖകളും 2080 എടിഎം / സിഡിഎമ്മുകളുമുണ്ട്. 2 രൂപ മുഖവിലയുള്ള ഓരോ ഓഹരിയ്ക്കും 60 ശതമാനം വീതം ലാഭവിഹിതം നല്‍കാന്‍ ശിപാര്‍ശ ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു.