സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രതിമാസം, ത്രൈമാസികം, അര്‍ദ്ധ വാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കാവുന്ന പദ്ധതിയാണ് ആന്വിറ്റി സ്‌കീം.
കൊച്ചി: പുതിയ സ്ഥിരനിക്ഷേപ പദ്ധതിയായ ആന്വിറ്റി സ്‌കീം ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രതിമാസം, ത്രൈമാസികം, അര്‍ദ്ധ വാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കാവുന്ന പദ്ധതിയാണ് ആന്വിറ്റി സ്‌കീം. 5 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവില്‍ സ്ഥിരവരുമാനം നേടാനുള്ള സംവിധാനമാണ് പദ്ധതിയിലൂടെ ബാങ്ക് ഒരുക്കിയിരിക്കുന്നത്. മുതലിന്റെ ഒരു ഭാഗവും പലിശയുമാണ് തവണകളായി പിന്‍വലിക്കാവുന്നത്. കുറഞ്ഞത് പതിനഞ്ചു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ ആന്വിറ്റി പദ്ധതിയില്‍ നിക്ഷേപിക്കാം.
ഇടപാടുകാര്‍ക്കായി മറ്റൊരു നൂതന ഉല്‍പ്പന്നം പുറത്തിറക്കിയതില്‍ വളരെ സന്തോഷമുണ്ട്. 20 വര്‍ഷം വരെയുള്ള കാലയളവില്‍ സ്ഥിരമായ വരുമാനം നേടാനുള്ള അവസരമാണ് ആന്വിറ്റി നിക്ഷേപ പദ്ധതി നല്‍കുന്നത്. ബാങ്കിംഗ് രംഗത്ത് സമാനതകളില്ലാത്തതാണ് ആന്വിറ്റി നിക്ഷേപ പദ്ധതി. കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ നല്‍കി സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ഇടപാടുകാരെ സഹായിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പദ്ധതി ഔദ്യോഗികമായി പുറത്തിറക്കികൊണ്ട് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ പറഞ്ഞു.
ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി ഇക്ബാല്‍ മനോജ്, ഡെപ്പോസിറ്റ്‌സ് കണ്‍ട്രി ഹെഡ് പി വി ജോയ്, ചീഫ് റിസ്‌ക് ഓഫീസറായ ദാമോദരന്‍ സി എന്നിവര്‍ സന്നിധരായിരുന്നു.അഞ്ച് വര്‍ഷ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനവും മറ്റുള്ളവര്‍ക്ക് 7.1 വും പലിശ ലഭിക്കും. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവിന് പലിശ യഥാക്രമം 7.1 , 6.6 ശതമാനമാണ്. പത്തിന് മുകളില്‍ ഇരുപതു വര്‍ഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് പലിശ യഥാക്രമം 6 . 4 , 6.25 ശതമാനം ആണ്.അടിയന്തര സാഹചര്യങ്ങളില്‍ നിക്ഷേപം പിന്‍വലിക്കാനോ നിക്ഷേപത്തിന് മേല്‍ വായ്പയെടുക്കാനോ സാധിക്കുന്നതാണ്. പെന്‍ഷന്‍ പോലുള്ള ദീര്‍ഘകാല വരുമാനം തേടുന്ന ഇടപാടുകാര്‍ക്ക് ആന്വിറ്റി പദ്ധതി തികച്ചും അനുയോജ്യമാണ്.