ലഹരിക്കെതിരെ ഹ്രസ്വചിത്ര
മത്സരവുമായി ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍

നാടും സിനിമയും ലഹരി വിമുക്തമാകണമെന്ന സന്ദേശമുയര്‍ത്തിഫെഫ്ക പി.ആര്‍.ഓ യൂണിയന്‍ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

 

കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആര്‍.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആര്‍.ഓ യൂണിയന്‍ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
14 വയസ്സിന് മുകളിലേക്കുള്ളവര്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയന്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തില്‍ രണ്ട് മിനിട്ടില്‍ കവിയാത്ത ഹ്രസ്വചിത്രം ഏപ്രില്‍ 10ന് മുന്‍പ് യൂണിയന്റെ ഇമെയിലില്‍ അയച്ച് മത്സരത്തില്‍ പങ്കെടുക്കാം. സൃഷ്ടികള്‍ അയക്കുന്നവരുടെ പേരും മേല്‍വിലാസവും, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.

മൊബൈലില്‍ ഷൂട്ട് ചെയ്‌തോ, അല്ലാത്തതോ ആയ വീഡിയോകള്‍ സ്വീകരിക്കുന്നതാണ്. ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങള്‍ക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കെടുത്ത് മികവ് പുലര്‍ത്തിയവര്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ യൂണിയന്റെ ഫേസ്ബുക്കില്‍ സംപ്രേഷണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളില്‍ ഫെഫ്ക പി.ആര്‍.ഓ യൂണിയന്‍ ടീമിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമര്‍പ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാന്‍ പാടുള്ളതല്ല. ഹ്രസ്വചിത്രങ്ങള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99953 24441, 98479 17661 എന്ന നമ്പറുകളില്‍ ബന്ധപെടുക.

Spread the love