അതിജീവനത്തിന് സുസ്ഥിരത അനിവാര്യം: ലോക്‌നാഥ് ബെഹ്‌റ 

ലഘു,ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബദല്‍ ഊര്‍ജ സ്രോതസുകളെ ആശ്രയിക്കണം. മാലിന്യ സംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും ബെഹ്‌റ ഓര്‍മ്മപ്പെടുത്തി.

 

കൊച്ചി: എംഎസ്എംഇകള്‍ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അതിജീവനത്തിനായി സുസ്ഥിരത ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കൊച്ചി മെട്രോ റെയ്ല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. എംഎസ്എംഇ കളുടെ സുസ്ഥിര ബിസിനസ് രീതികളെ കുറിച്ച് ഫിക്കി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഘു,ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബദല്‍ ഊര്‍ജ സ്രോതസുകളെ ആശ്രയിക്കണം. മാലിന്യ സംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും ബെഹ്‌റ ഓര്‍മ്മപ്പെടുത്തി.

സുസ്ഥിരതയ്ക്ക് വേണ്ടി മാത്രമാകരുത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതെന്നും പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ കൂടിയായിരിക്കണമെന്ന് പി ഡബഌു സി ഇന്ത്യ ഇഎസ്ജി വിഭാഗം സീനിയര്‍ ഡയറക്ടര്‍ ജോസഫ് മാര്‍ട്ടിന്‍ ചാഴൂര്‍ ഫ്രാന്‍സിസ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏത് സംഭവവും എംഎസ്എംഇകളെ ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ അത്ര കഠിനമല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യ നിഷേധിക്കുന്നതാണ് സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗമെന്ന് കെ എസ് ഐ ഡി സി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ പ്രശനങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ മുന്നിലുണ്ടെങ്കിലും ഇപ്പോഴും മറ്റാരെങ്കിലും എത്തി എല്ലാം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പ്രകൃതി, സമൂഹം, വ്യവസായം എന്നതാണ് കേരളത്തിന്റെ നയം. ഇഎസ്ജി നയം രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി സുനില്‍കുമാര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ.നളന്ദ ജയദേവ്, ഓര്‍ഗാനിക് ബിപിഎസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണന്‍, ബിപിസിഎല്‍ ഡിജിഎം സന്തോഷ്‌കുമാര്‍ വര്‍ഷിണി, കൊച്ചി കപ്പല്‍ശാല എജിഎം എ സലീന്‍, സിയാല്‍ സിഎഫ്ഒ മിനി ജോസഫ് എന്നിവര്‍ പങ്കെടുത്തു. ഫിക്കി കേരള മേധാവി സാവിയോ മാത്യു സംസാരിച്ചു.

 

 

Spread the love