കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിഫീഡര്‍ എന്ന രാജ്യാന്തര ലോജിസ്റ്റിക്‌സ് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് മറൈന്‍ ആംബുലന്‍സ് കടമക്കുടി പഞ്ചായത്തിനു ലഭിക്കുന്നത്
കൊച്ചി: രാജ്യത്തെ ആദ്യ ഹരിത ബോട്ട് ആംബുലന്‍സ് കം മെഡിക്കല്‍ ഡിസ്പപന്‍സറി മെയ് 18 ന് നീറ്റിലിറങ്ങും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിഫീഡര്‍ എന്ന രാജ്യാന്തര ലോജിസ്റ്റിക്‌സ് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് മറൈന്‍ ആംബുലന്‍സ് കടമക്കുടി പഞ്ചായത്തിനു ലഭിക്കുന്നത്. കടമക്കുടിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ് ഹരിത ബോട്ട് ആംബുലന്‍സ് ഫഌഗ് ഓഫ് ചെയ്യും.കടമക്കുടി പഞ്ചായത്തിലെ 13 കൊച്ചു ദ്വീപുകളിലുമായി ആറു ദിവസവും ഇതിന്റെ സേവനം ലഭ്യമാകുമെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’ഹോപ്പ് ഓണ്‍ ആംബുലന്‍സ് ബോട്ട് നിലവില്‍ ഒരു മറൈന്‍ മെഡിക്കല്‍ യൂണിറ്റാണ്. ഒ.പി. കസള്‍ട്ടേഷനും അടിയന്തര സേവനങ്ങള്‍ക്കുമായി ആവശ്യമായ മുഴുവന്‍ മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയതാണ് ആംബുലന്‍സ് ഡിസ്‌പെന്‍സറി വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വീടുകളിലായിരിക്കും സേവനം നല്‍കുക.
നിലവില്‍ പ്രതിമാസം 2400ല്‍ അധികം രോഗികള്‍ ഈ ദ്വീപുകളില്‍ നിന്നു ചികില്‍സ തേടി പുറത്തുപോകുന്നതായാണ് കണക്കുകള്‍. ഇവര്‍ക്ക് സമിപത്തുള്ള ആശുപത്രികളില്‍ എത്താനുള്ള റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ മറൈന്‍ ആംബുലന്‍സ് ദ്വീപുകളില്‍ നിര്‍ദ്ദിഷ്ട ഷെഡ്യൂളില്‍ സന്ദര്‍ശനം നടത്തുന്നത് അവര്‍ക്ക് വലിയ ആശ്വാസമാകും. മുതിര്‍ന്ന പൗരന്മാര്‍ക്കും വയോധികര്‍ക്കുമായിരിക്കും. ഇതിന്റെ പ്രയോജനം കൂടുതല്‍ കിട്ടുക.
കടമക്കുടി ഗ്രാമപഞ്ചായത്തിന് ആകെ 12.92 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. 7900 പുരുഷന്മാരും 8557വനിതകളും ഉള്‍പ്പടെ ആകെയുള 16457 പേരില്‍ 1977 പേര്‍ 60 വയസിനു മുകളിലുള്ളവരും 146 പേര്‍ മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരുമാണ്. 13 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിലെ ഭൂവിഭാഗം മൊത്തം വിസ്തീര്‍ണത്തില്‍ 15.84% മാത്രം. ശേഷിക്കുന്ന ഭാഗം പൊക്കാളി നെല്‍വയലുകളും തോടുകളും നദികളും ഉള്‍പ്പെടുന്നതാണ്. പിഴല, മൂലമ്പിള്ളി, കോതാട്. ചേന്നൂര്‍, കരിക്കാംതുരുത്ത്. കണ്ടനാട്, പാലിയംത്തുരുത്ത്, പുതുശ്ശേരി, ചരിയംതുരുത്ത്, വലിയ കടമക്കുടി. ചെറിയ കടമക്കുടി, മുറിക്കല്‍, കോരാമ്പാടം എന്നിവടങ്ങളില്‍ ഒരു പാലവും ഇല്ലാതെ ബോട്ടുകള്‍. ചെറുതോണികള്‍ എന്നിവയെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തില്‍ പൊതു ബോട്ടു സര്‍വീസും ഫെറി സര്‍വീസുമുണ്ട്. പക്ഷേ ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വകാര്യ ബോട്ടുകളും ചെറുതോണികളുമാണ് ചികില്‍സാഘട്ടങ്ങളില്‍ ആശ്രയം. ഇത് സ്ഥിരം ചികിത്സയും അടിയന്തരസഹായവും ലഭിക്കാന്‍ വലിയ വെല്ലുവിളിയാണ്.
എല്ലാ ദ്വീപുകളും ആഴ്ചയില്‍ ഒരിക്കല്‍ മെഡിക്കല്‍ സ്റ്റാഫ് സന്ദര്‍ശിച്ച് അവര്‍ രോഗികളെ പരിശോധിച്ച് മരുന്നും മറ്റു ചികില്‍സയും ലഭ്യമാക്കും. ആഴ്ചയില്‍ ആറു ദിവസം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയായി ഡോക്ടര്‍,നഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരടങ്ങിയ സംഘമുണ്ടാകും.പിഴല പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയില്‍ ദേശീയാരോഗ്യ ദൗത്യത്തിന്റെ കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് പ്രധാന ദ്വീപുകളായ മൂലമ്പിള്ളി, വലിയ കടമക്കുടി, ചെറിയ കടമക്കുടി, മുറിക്കല്‍, പാലിയം തുരുത്ത്, ചേന്നൂര്‍, കോതാട്, കോരാമ്പാടം, കണ്ടനാട്, കരിക്കാംതുരുത്ത് എന്നിവടങ്ങളിലാണ് സേവനം നല്‍കുക. പുതിയ ബോട്ടിനൊപ്പം ഈ പദ്ധതി ദ്വീപ് നിവാസികളായ പൊക്കാളി കര്‍ഷകര്‍, മല്‍സ്യതാഴിലാളികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തൊഴില്‍ രഹിതര്‍. മുതിര്‍ന്ന പൗരന്മാര്‍ അടക്കമുള്ള മുഴുവന്‍ ദ്വീപ സമൂഹത്തെയും ഉള്‍കൊള്ളുന്നു.
മഴക്കാലത്ത് (ജൂണ്‍, ജൂലൈ) കാലാവസ്ഥ വകുപ്പിന്റെ റെഡ് അലര്‍ട്ട് ഉള്ള സമയങ്ങള്‍ ഒഴികെ ബോട്ട് പ്രവര്‍ത്തനക്ഷമമായിരിക്കും. അടിയന്തര സേവനങ്ങള്‍ക്കും ബോട്ടിന്റെ ഷെഡ്യൂള്‍ അറിയുന്നതിനും ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങും. ഇന്ധനചാര്‍ജ്ജ് ബോട്ട് പരിപാലന ചെലവുകള്‍ എന്നിവ പഞ്ചായത്ത് വഹിക്കും ഡോക്ടറുടെയും മറ്റു മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങളുടെയും വേതനം എന്‍.എച്ച്.എം. വഹിക്കും.ബോട്ട് ആദ്യ രണ്ട് വര്‍ഷം പ്ലാനറ്റ് എര്‍ത് എന്ന സര്‍ക്കാരിതര സംഘടനയുടെ പേരില്‍ രജിസ്ട്രര്‍ ചെയ്യും. ഈ കാലയളവില്‍ പഞ്ചായത്തും എന്‍.എച്ച്.എമ്മും നടത്തുന്ന പ്രവര്‍ത്തനത്തിന് പ്ലാനറ്റ് എര്‍ത്ത് മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം പ്രതിമാസ റിപ്പോര്‍ട്ടുകളും നല്‍കും. രണ്ടു വര്‍ഷം കഴിഞ്ഞ് ബോട്ടിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിന് കൈമാറുമെന്നും കെ.എന്‍.ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.യൂണി ഫീഡര്‍ അസി. ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍, യൂണിഫീഡര്‍ മുംബൈ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ അശോക് രജ്ബര്‍, യൂണി ഫീഡര്‍ കൊച്ചി സീനിയര്‍ മാനേജര്‍ ഡെനിസെബാന്‍, പ്ലാനറ്റ് എര്‍ത്ത് സെക്രട്ടറി സൂരജ് എബ്രഹാം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.