ജൂണ്‍ 12 മുതല്‍ 14 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്(ആര്‍.എസ്.സി) മത്സരങ്ങള്‍ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യന്‍ഷിപ്പ് ആദ്യമായിട്ടാണ് അണ്ടര്‍ 23 വിഭാഗത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്.
കൊച്ചി: പ്രഥമ അണ്ടര്‍ 23 ത്രീ X ത്രീ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂണ്‍ 12 മുതല്‍ 14 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്(ആര്‍.എസ്.സി) മത്സരങ്ങള്‍ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യന്‍ഷിപ്പ് ആദ്യമായിട്ടാണ് അണ്ടര്‍ 23 വിഭാഗത്തില്‍ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോര്‍ട്ടില്‍, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3 X 3 ബാസ്‌കറ്റ്‌ബോള്‍. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉള്‍പ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 200 യുവ കളിക്കാര്‍ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും.
മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആര്‍.എസ്.സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോര്‍ട്ടുകളിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതല്‍ രാത്രി 10:00 വരെയും കളികള്‍ നടക്കും. മത്സരദിനങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി രസകരമായ മത്സരങ്ങളും വേദിയില്‍ ഒരുക്കിയിട്ടുണ്ട്.ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ്. നവാസ് ഐ.ആര്‍.എസ്., കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ജോസഫ്, ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി സി ആന്റണി, ഇ.ഡി.ബി.എ പ്രസിഡന്റ് ഷിഹാബ് നീറുങ്ങല്‍ എന്നിവര്‍ മുഖ്യ കോഓര്‍ഡിനേറ്റര്‍മാരായും അജിത്കുമാര്‍ ആര്‍. നായര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.