ഫുഡ് ടെക്ക്, ഫാഷന്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഊര്‍ജ്ജിതമാവണം: വിദഗ്ദ്ധര്‍ 

ഹാര്‍ഡ് വെയറിന് ശക്തമായ സര്‍ക്കാര്‍ പിന്തുണ വേണമെന്നും സ്ഥാപനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ അടച്ചുപൂട്ടുന്നതെന്തു കൊണ്ടെന്നതിന് ശാസ്ത്രീയപഠനങ്ങള്‍ ഉണ്ടാകണമെന്നും ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

 

കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മേഖലകളില്‍ ഫുഡ് ടെക്‌നോളജിയും ഫാഷനും കൂടുതല്‍ പ്രാധാന്യം കൈവരേണ്ടതുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐകെജിഎസ്) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നൂതന സംരംഭങ്ങളിലെ വനിതാ നേതാക്കള്‍ മികവുകാട്ടുന്നതിന് തടയിടുന്ന രീതിയില്‍ സാമൂഹികസാംസ്‌കാരിക ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ഡ് വെയറിന് ശക്തമായ സര്‍ക്കാര്‍ പിന്തുണ വേണമെന്നും സ്ഥാപനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ അടച്ചുപൂട്ടുന്നതെന്തു കൊണ്ടെന്നതിന് ശാസ്ത്രീയപഠനങ്ങള്‍ ഉണ്ടാകണമെന്നും ഉച്ചകോടിയില്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.വനിതാ സംരംഭകരില്‍ പ്രതിഭകള്‍ക്ക് ഇന്ത്യയില്‍ കുറവില്ലെന്ന് സഫിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി പറഞ്ഞു. പലപ്പോഴും അവസരങ്ങളുടെ അഭാവം അവരുടെ കഴിവുകളെ ഇല്ലാതാക്കുന്നുവെന്നും സുജ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക സെഷന്‍ മോഡറേറ്റ് ചെയ്തു.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പരീക്ഷണങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുന്നവരാണ് കേരളീയരെന്ന് എയ്‌സ്വെയര്‍ ഫിന്‍ടെക് എം.ഡി. നിമിഷ ജെ വടക്കന്‍ പറഞ്ഞു. പുതിയ സംരംഭങ്ങളുടെ വളര്‍ച്ചയെ സുഗമമാക്കുന്ന ഫീഡ്ബാക്ക് നേടാന്‍ ഇത് സഹായകമാവുന്നുവെന്നും രാജ്യത്തെ മൈക്രോഫിനാന്‍സിംഗ് എല്ലാ ജനവിഭാഗത്തേയും ഉള്‍ക്കൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അധികാരികള്‍ ഹാര്‍ഡ് വെയറിന് പ്രാധാന്യം കുറവാണ് നല്‍കുന്നതെന്ന് സദസ്സ് നിരീക്ഷിച്ചു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററും ഇഎസ്ഡിഎം സൗകര്യവുമുള്ള മുന്‍നിര മേക്കര്‍ വില്ലേജ് കേരളത്തിനുണ്ടെന്ന് അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മെഡ്‌ജെനോം സ്ഥാപക ചെയര്‍മാനും ഗ്ലോബല്‍ സിഇഒയുമായ സാം സന്തോഷ്, ജിഫി.എഐ സിഇഒ ബാബു ശിവദാസന്‍, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, ഓസ്‌ട്രേലിയയിലെ സീനിയര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ ജോണ്‍ സൗത്ത്വെല്‍ എന്നിവരായിരുന്നു മറ്റ് പ്രഭാഷകര്‍.ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരളയില്‍ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

 

Spread the love