ഫുഡ് ടെക് കേരള 2025 പ്രദര്‍ശനം ആരംഭിച്ചു

കേരളത്തിന്റെ വ്യവസായ മുന്നേറ്റം ത്വരിതപ്പെടുത്തുന്നത് എംഎസ്എംഇകള്‍:   മന്ത്രി പി. രാജീവ്
കൊച്ചി:  വ്യവസായ സൗഹൃദത്തില്‍ കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്ന്  മന്ത്രി പി. രാജീവ് പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന  പിഎംഎഫ്എംഇഫുഡ് ടെക് കേരള 2025 പ്രദര്‍ശനമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷം മുമ്പ് പിഎംഎഫ്എംഇ പ്രവര്‍ത്തനമികവില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന കേരളം 104 ശതമാനം വളര്‍ച്ചയോടെ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസംസ്‌കരണം കേരളത്തിന്റെ സാമ്പത്തികമേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട മേഖലയാണ്. എംഎസ്എംഇ വായ്പകളുടെ കാര്യത്തില്‍ കേരളം കുതിച്ചുചാട്ടം നടത്തിയതായും കേരളത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നത് എംഎസ്എംഇകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നുള്ള പിഎംഎഫ്എംഇ (പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ്ങ് എന്റര്‍െ്രെപസ്) ഗുണഭോക്താക്കള്‍ക്ക് മാര്‍ക്കറ്റിംഗ് പിന്തുണ നല്‍കുന്നതിനും പിഎംഎഫ്എംഇ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വായ്പാ അപേക്ഷകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രയത്‌നിച്ച ബാങ്കുകള്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍സ് എന്നിവരെ ചടങ്ങില്‍ മന്ത്രി പി. രാജീവ് ആദരിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ദക്ഷ ആയുര്‍വേദിക് ഫുഡ് പ്രോഡക്ട്‌സിന്റെ പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
പ്രദര്‍ശനമേളയില്‍ പിഎംഎഫ്എംഇ ഗുണഭോക്താക്കളുടെ സ്റ്റാളുകള്‍ കൂടാതെ ഭക്ഷ്യ സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന, ബ്രാന്‍ഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുടെ നൂറോളം സ്റ്റാളുകളുമുണ്ട്.  വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മിന്‍ഹാജ് ആലം ഐ.എ.എസ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ പി. വിഷ്ണുരാജ് ഐ.എ.എസ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ സൂരജ് എസ്, വ്യവസായ വാണിജ്യ അഡിഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ. എസ്. കൃപാകുമാര്‍, ജി. രാജീവ്, എസ്എല്‍ബിസി കേരള കണ്‍വീനര്‍ പ്രദീപ് കെ. എസ്, എറണാകുളം ഡിഐസി ജനറല്‍ മാനേജര്‍ പി.എ. നജീബ്, അമേരിക്കയിലെ സ്‌റ്റോള്‍ മെഷിനറി വൈസ് പ്രസിഡന്റ് റോബര്‍ട്ട് ലൂയിസ് ഗാരി തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 24 വരെ രാവിലെ 11 മുതല്‍ 8 മണി വരെ നടക്കുന്ന പ്രദര്‍ശനമേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു