പ്രാദേശിക രുചി വൈവിധ്യങ്ങളും പാചകരീതികളും സഞ്ചാരികളിലേക്ക് എത്തിക്കുന്ന ഭക്ഷ്യ ടൂറിസം ശക്തിപ്പെടുത്തുന്നത് വഴി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശിക പരമ്പരാഗത രുചി വൈവിധ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്നത് ശക്തിപ്പെടുത്തണം.
കൊച്ചി: കേരളത്തിലെ പ്രാദേശിക രുചി വൈവിധ്യങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘എസ്‌പോര്‍ 2025 ‘ തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാദേശിക പരമ്പരാഗത രുചി ഭേദങ്ങള്‍ നിരവധിയുള്ള നാടാണ് കേരളം. ഭക്ഷ്യവൈവിധ്യങ്ങളും ടൂറിസം ഉല്‍പന്നം എന്ന രീതിയില്‍ ഉയരണം.
പ്രാദേശിക രുചി വൈവിധ്യങ്ങളും പാചകരീതികളും സഞ്ചാരികളിലേക്ക് എത്തിക്കുന്ന ഭക്ഷ്യ ടൂറിസം ശക്തിപ്പെടുത്തുന്നത് വഴി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശിക പരമ്പരാഗത രുചി വൈവിധ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്നത് ശക്തിപ്പെടുത്തണം. വന്‍തൊഴില്‍ സാധ്യതകള്‍ക്കും സാമ്പത്തിക മുന്നേറ്റത്തിനും ഇത് വഴിയൊരുക്കും. ഉത്സവങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ ഭക്ഷ്യ സംസ്‌കാരത്തിന് പ്രചാരണം നല്‍കണം. പ്രാദേശിക രുചി വൈവിധ്യങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതിന് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു. സംരംഭകര്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം നല്‍കാന്‍ കഴിഞ്ഞതും നേട്ടമാണ്. നമ്മുടെ നാട്ടില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഉയര്‍ന്നു വരണം. ഈ ലക്ഷ്യത്തോടെയാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യമായി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂഷനുകളാണ് തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്. 50ലധികം വ്യവസായ സ്ഥാപനങ്ങള്‍ തൊഴില്‍ ദാതാക്കളായി മേളയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ വ്യവസായ തൊഴില്‍ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.