ഇന്ത്യയുടെ 13ാമത്തെയും 14ാമത്തെയും പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ്
കൊച്ചി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അന്തരിച്ചു.92 വയസായിരുന്നു.വാര്‍ധ്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിയൂട്ടില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. അധ്യാപകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പിന്നീട് ഇന്ത്യ കണ്ട മികച്ച സാമ്പത്തിക വിദഗ്ദരില്‍ ഒരാളായി മാറുകയായിരുന്നു.ഇന്ത്യയുടെ 13ാമത്തെയും 14ാമത്തെയും പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ്. ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇപ്പോഴത്തെ പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്തംബര്‍ 26നാണ് ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും മകനായി മന്‍മോഹന്‍സിംഗ് ജനിച്ചത്. ഇന്ത്യാ വിഭജനത്തിന് ശേഷം മന്‍മോഹന്‍സിംഗിന്റെ കുടുംബം അമൃത് സറിലേക്ക് കുടിയേറി.
സാമ്പത്തിക ശാസ്ത്രമായിരുന്നു മന്‍മോഹന്‍സിംഗിന്റെ ഇഷ്ടമേഖല. പഞ്ചാബ് സര്‍വ്വകലാശാല, കേംബ്രിഡ്ജ് സര്‍വ്വകലാശാല, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല എന്നിവടങ്ങളില്‍ പഠനം നടത്തിയ മന്‍മോഹന്‍സിംഗ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍, ഐ.എം.എഫ് അംഗം എന്ന നിലയിലും വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.മുന്‍ പ്രധാനമന്ത്രി നരസിംഗറാവുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിട്ടായിരുന്നു തുടക്കം.2004 മെയ് 22 നാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. 2009 ല്‍ രണ്ടാം തവണയും.1991 ലാണ് മന്‍മോഹന്‍ സിംഗ് ആദ്യമായി രാജ്യസഭയില്‍ എത്തുന്നത്. ആസാമില്‍ നിന്നുമാണ് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.
1995,2001,2007 ലും പിന്നീട് 2013 ലും തിരഞ്ഞെടുക്കപ്പെട്ടത് ആസാമില്‍ നിന്നായിരുന്നു. സാമ്പത്തിക മേഖലയിലടക്കം നിരവധി പരിഷ്‌ക്കാരങ്ങളാണ് ഡോ.മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നടപ്പിലാക്കിയത്.ഇന്ത്യന്‍പൗരന്മാര്‍ക്ക് കേന്ദ്രീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനായി യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപീകരിച്ചതും മന്‍മോഹന്‍സിംഗായിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും ഡോ.മന്‍മോഹന്‍സിംഗിനെ തേടിയെത്തിയിരുന്നു.
ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം രേഖപ്പെടുത്തി.’ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗ് സാധാരണക്കാരനില്‍നിന്ന് ആദരണീയനായ ഒരു സാമ്പത്തിക വിദഗ്ധനായി ഉയര്‍ന്നു പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.