ഒരു കുടക്കീഴില്‍ സൗജന്യമായി  അക്ഷയ സേവനങ്ങള്‍  ഒപ്പം വൈഫൈയും

സംസ്ഥാന സര്‍ക്കാരിന്റ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അക്ഷയ സേവനങ്ങള്‍ സൗജന്യമായി ഒരുക്കിയിരിക്കുന്നത്.
കൊച്ചി: കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കല്‍,  അഞ്ചും 15 ഉം വയസ്സുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, കാര്‍ഡിലെ തെറ്റ് തിരുത്തല്‍, റേഷന്‍ കാര്‍ഡിന്‍ പേര് ചേര്‍ക്കല്‍  തുടങ്ങി അക്ഷയ കേന്ദ്രങ്ങളുടെ വിവിധ സേവനങ്ങള്‍ സൗജന്യമായി ലഭിക്കണമെങ്കില്‍ നേരെ പോന്നോളൂ മറൈന്‍ ഡ്രൈവിലേക്ക്…സംസ്ഥാന സര്‍ക്കാരിന്റ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അക്ഷയ സേവനങ്ങള്‍ സൗജന്യമായി ഒരുക്കിയിരിക്കുന്നത്. ഐ ടി മിഷന്റെ നേതൃത്വത്തിലാണ് അക്ഷയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.അക്ഷയയില്‍ നിന്ന് ലഭിക്കുന്ന വില്ലേജ്  താലൂക്ക് ഓഫീസ് സേവനങ്ങള്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷ, രജിസ്‌ട്രേഷന്‍ വകുപ്പ് സേവനങ്ങള്‍, ഭക്ഷ്യസുരക്ഷ, ലേബര്‍ ഓഫീസ്, ഈ ഫയലിംഗ്, ജി എസ് ടി  തുടങ്ങിയ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്നതിനുള്ള അവസരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

അക്ഷയ കേന്ദ്രം തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍, അതിനുള്ള പരീക്ഷ എങ്ങനെ എഴുതാം, മറ്റ് നിരവധി ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്. കെ സ്മാര്‍ട്ട്, ഇഡിസ്ട്രിക്ട് സേവനങ്ങളും ലഭിക്കും. രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുന്ന ഡിജിലോക്കര്‍ സംവിധാനവും മേളയില്‍ എത്തുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അക്ഷയ സേവനങ്ങള്‍ മാത്രമല്ല സൗജന്യ വൈഫൈയും മേളയില്‍ എത്തുന്നവര്‍ക്ക് ഐടി മിഷന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. കെഫൈ യില്‍ മൊബൈല്‍ നമ്പറും ഓറ്റിപിയും നല്‍കി വൈഫൈ ഉപയോഗിക്കാവുന്നതാണ്. ഇവ കൂടാതെ സാങ്കേതികവിദ്യയുടെ ഭാവി പരിചയപ്പെടുത്തുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനവും  പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എഐപവര്‍ഡ് ലീഗല്‍ ചാറ്റ്‌ബോട്ട്, എഎന്‍പിആര്‍ സ്മാര്‍ട്ട് ക്യാമറകള്‍, യഥി എന്ന പേരില്‍ റേസിംഗ് കാറുകളുടെ അഡ്വാന്‍സ്ഡ് ബ്രേക്ക് സിസ്റ്റം, ആപ്ലിക്കേഷന്റെ സഹായത്തോടെ കൃഷിക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ ലഭ്യമാകുന്ന ബഹുമൂദ് തുടങ്ങി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു