2026ലേക്കു നോക്കുമ്പോള്‍ 813 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്
കൊച്ചി: ഇന്ത്യയിലെ ജനറല്‍ ഇന്‍ഷൂറന്‍സ് മേഖല 2025ല്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും ഈ മേഖലയുടെ സാന്ദ്രത ഒരു ശതമാനത്തിനടുത്തു മാത്രമായി നിലനില്‍ക്കുകയാണെന്ന് ഇന്‍ഡസ് ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് സി.ഇ.ഒ രാകേഷ് ജെയിന്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ ശരാശരി നാലു ശതമാനമാണ്. ഉയര്‍ന്നു വരുന്ന അവബോധത്തിന്റെ പശ്ചാത്തലത്തില്‍ ആകെ പ്രീമിയത്തിന്റെ മൂന്നിലൊന്നും സംഭാവന നല്‍കുന്നത് ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയുമാണ്. വൈദ്യ സേവന രംഗത്തെ പണപ്പെരുപ്പം 12 ശതമാനത്തിനടുത്താണെന്നതും ഇവിടെ പ്രസക്തമാണ്. 2026ലേക്കു നോക്കുമ്പോള്‍ 813 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വര്‍ധിച്ചു വരുന്ന അവബോധം, ഇനിയും സേവനം എത്തിയിട്ടില്ലാത്ത വിപണികളിലേക്ക് ആഴത്തില്‍ എത്തിച്ചേരുന്നത് തുടങ്ങിയവ ഇതിനു പിന്‍ബലവുമേകും.
സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങളാകും അടുത്ത വര്‍ഷം ജനറല്‍ ഇന്‍ഷൂറന്‍സ് രംഗത്തെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയെന്നും രാകേഷ് ജെയിന്‍ ചൂണ്ടിക്കാട്ടി. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെയളള അണ്ടര്‍ റൈറ്റിങ്, ടെലിമാറ്റിക്‌സ് അധിഷ്ഠിത വാഹന ഇന്‍ഷൂറന്‍സ്, ബീമ കുഗം പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ ഇതിനു സഹായകമാകും. അതിവേഗത്തിലുളള ഡിജിറ്റല്‍വല്‍ക്കരണം ഈ രംഗത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനൊപ്പം പുതിയ വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. ഇന്‍ഷൂറന്‍സ് രംഗത്തെ തട്ടിപ്പുകള്‍ പ്രതിവര്‍ഷം 50,000 കോടി രൂപയോളം വരുന്നതാണ്. പരിഷ്‌ക്കരണത്തെ തുടര്‍ന്ന് ചില പദ്ധതികളില്‍ ജിഎസ്ടി ഇല്ലാതായത് വരും വര്‍ഷം കൂടുതല്‍ വിപുലമായി സേവനം എത്തിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

