ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം ; 40 വര്‍ഷം പിന്നിട്ട് ജാഫ്‌സ

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ മാത്രം ഡിപി വേള്‍ഡിന്റെ ഈ ഫ്രീ സോണ്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരത്തിന്റെ വ്യാപ്തിയില്‍ 40% വര്‍ധനയും വ്യാപാര മൂല്യത്തില്‍ 17% വര്‍ധനവും രേഖപ്പെടുത്തി.

കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര വളര്‍ച്ചയില്‍ റെക്കോര്‍ഡ് നേട്ടവുമായി, ജെബല്‍ അലി ഫ്രീ സോണ്‍ (ജാഫ്‌സ) 40 വര്‍ഷം പിന്നിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ മാത്രം ഡിപി വേള്‍ഡിന്റെ ഈ ഫ്രീ സോണ്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരത്തിന്റെ വ്യാപ്തിയില്‍ 40% വര്‍ധനയും വ്യാപാര മൂല്യത്തില്‍ 17% വര്‍ധനവും രേഖപ്പെടുത്തി. ജാഫ്‌സയില്‍ ഇലക്ട്രോണിക്‌സ്, നിര്‍മ്മാണമേഖല, ഭക്ഷണം, കെമിക്കല്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലായി 2,300ലധികം ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുകയും അവിടെ 15,000ത്തിലധികം ആളുകള്‍ ജോലി ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം, ജാഫ്‌സയില്‍ ചേര്‍ന്നത് 283 പുതിയ ഇന്ത്യന്‍ കമ്പനികളാണ്.1985ല്‍ സ്ഥാപിച്ച ജാഫ്‌സ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 30 ബില്യണ്‍ ഡോളറിലധികം വിദേശ നിക്ഷേപമാണ് നേടിയത്.

ഇന്നിവിടെ 157 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 11,000 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജാഫ്‌സ അതിന്റെ 40ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഇന്ത്യയുമായുള്ള ശക്തവും സുസ്ഥിരവും കൂടുതല്‍ വിപുലീകരണ സാധ്യതയുള്ളതുമായ ഒരു വ്യാപാര ബന്ധം രൂപപ്പെടുത്തുന്നതില്‍ അതിനുള്ള പങ്ക് എന്നത്തേക്കാളും കൂടുതല്‍ പ്രസക്തമായി തുടരുന്നു.
2026ല്‍ ആരംഭിക്കാന്‍ പോകുന്ന ഭാരത് മാര്‍ട്ട് ആണ് ഒരു സുപ്രധാന ഭാവി വികസന പദ്ധതി. 2.7 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണവുമായി ജബല്‍ അലിയില്‍  തന്നെ സ്ഥിതി ചെയ്യുന്ന ഈ സംവിധാനം, പ്രാരംഭ ഘട്ടത്തില്‍ 1.3 ദശലക്ഷം ചതുരശ്ര അടിയിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ജാഫ്‌സയുടെ വിജയകഥയില്‍ ഇന്ത്യ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഡിപി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഹിസ് എക്‌സലന്‍സി സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു