ആരോഗ്യരംഗത്ത് ഫിസിഷന്‍സ് അസോസിയേറ്റ്‌സ് സുപ്രധാനം: ഹൈബി ഈഡന്‍ എം പി

വൈദ്യശാസ്ത്ര മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി പി.എമാരുടെ പ്രാധാന്യവും കൂടി വരികയാണ്.

 

കൊച്ചി: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക ആരോഗ്യ പരിപാലന മേഖലയില്‍ ഫിസിഷന്‍സ് അസോസിയേറ്റ്‌സിന്റെ (പി എ ) സാന്നിധ്യവും പങ്കും സുപ്രധാനമാണെന്ന് ഐബി ഈഡന്‍ എം പി പറഞ്ഞു. സൊസൈറ്റി ഓഫ് ഫിസിഷന്‍ അസിസ്റ്റന്‍സ് അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്ര മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി പി.എമാരുടെ പ്രാധാന്യവും കൂടി വരികയാണ്. ലോകത്തെ വികസിത രാജ്യങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍പോലും ഫിസിഷന്‍ അസോസിയേറ്റ്‌സിന്റെ തസ്തിക നിര്‍ബന്ധമാണ്. 1992 മുതല്‍ നമ്മുടെ രാജ്യത്തും എല്ലാ പ്രധാന ആശുപത്രികളിലും പിഎമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിഎ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍ സാധ്യതയും വളരെ വലുതാണെന്നും ഹൈബി ഈഡന്‍ അഭിപ്രായപ്പെട്ടു. എസ് പി എ പ്രസിഡന്റ് പ്രസാദ് ബി ജി അധ്യക്ഷനായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണവും ഡോ. സുബ്രഹ്മണ്യ അയ്യര്‍ കെ ആമുഖപ്രസംഗവും നടത്തി.

പി എ മേഖലയില്‍ സേവനം ചെയ്യുന്നവരുടെ തുടര്‍ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി കൊച്ചിയില്‍ ആരംഭിക്കുന്ന പി എ അക്കാദമിയുടെ ഉദ്ഘാടനം പ്രൊഫ. എം വി തമ്പി നിര്‍വഹിച്ചു. ഐ എ പി എ ദേശീയ പ്രസിഡന്റ് ഗോമതി സുന്ദര്‍, എസ് പി എ സെക്രട്ടറി എബിന്‍ എബ്രഹാം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീകല സി എന്നിവര്‍ പ്രസംഗിച്ചു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സെബി ജോസഫ് പി എ ഓഫ് ദി ഇയര്‍ അവാര്‍ഡിനും തൊടുപുഴ ബേബി മെമ്മോറിയലിലെ അജിത്ത് മാത്യു ബഡിംഗ് പി എ അവാര്‍ഡിനും കൊച്ചി അമൃത സര്‍വ്വകലാശാലയിലെ പ്രൊഫ. എം വി തമ്പി ബെസ്റ്റ് പി എ സപ്പോര്‍ട്ടര്‍ അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വേദികളിലായി നടത്തിയ ചര്‍ച്ച ക്ലാസുകളില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ വ്യക്തികള്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പി എ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി വൈദ്യശാസ്ത്ര ഗവേഷണ വിഷയങ്ങളില്‍ മത്സരങ്ങളും നടന്നു.

 

Spread the love