ജെ.എസ്.എസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്
കൊച്ചി:   ജനാധിപത്യ സംരക്ഷണ സമിതിയുടെ (ജെ.എസ്.എസ്) രജിസ്ട്രേഷന്‍ നടപടി റദ്ദാക്കിയ ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്. 1951 ലെ ജനപ്രാതിനിധ്യ നിയമം, 29 എ വകുപ്പ് എന്നിവ പ്രകാരവും സമാന കേസുകളിലെ സുപ്രിം കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമില്ലെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിടുവിച്ചത്. ജെ.എസ്. എസിന്റെ ചിഹ്നം മറ്റു പാര്‍ട്ടികള്‍ക്ക് അനുവദിച്ചിട്ടില്ലെങ്കില്‍ അതേ ചിഹ്നത്തില്‍ തന്നെ പാര്‍ട്ടിയ്ക്ക് മല്‍സരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

1994 ല്‍ ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാന പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ് ജെ.എസ്.എസ്. തുടര്‍ന്ന് ബസ് ചിഹ്നവും അനുവദിച്ചിരുന്നു. 94ലെ ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പിലുള്‍പ്പെടെ 96, 2001,2006, 2011 ലും 2016 ലും ജെ.എസ്.എസ് മല്‍സരിച്ചിരുന്നു. എം.എല്‍.എമാരും മന്ത്രിയും പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. എന്നാല്‍ 2019 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം പാര്‍ലമെന്റിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ മല്‍സരിക്കാതിരുന്നതിനെ തുടര്‍ന്ന്  രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് 473 പാര്‍ട്ടികള്‍ക്ക് നല്‍കിയ നോട്ടീസ് കേരള ചീഫ് ഇലക്ട്രല്‍ ഓഫിസ് ആന്റ് സെക്രട്ടറി വഴി ജെ.എസ്.എസിന് ലഭിക്കുകയും തുടര്‍ന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി ഹാജരായി കാരണങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമോ 29-എ വകുപ്പ് പ്രകാരമോ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമില്ലെന്നായിരുന്നു പാര്‍ട്ടിയുടെ പ്രധാനവാദം. 2002ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേസിലും ബിജെപിയുടെ രജിസ്ട്രേഷനും ചിഹ്നവും റദ്ദാക്കണമെന്ന കേസിലും ഉള്‍പ്പെടെയുള്ള സുപ്രിം കോടതി വിധികളും കമ്മീഷന്‍ മുമ്പാകെ  ബോധിപ്പിച്ചെങ്കിലും ഇത് പരിഗണിക്കാതെ രജിസ്ട്രേഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍ രാജന്‍ ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയരാജ് ബാബുവാണ് രാജന്‍ ബാബുവിന് വേണ്ടി ഹാജരായത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു