സ്‌പെഷലൈസ്ഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിക്ഷേപം
നടത്തണം: ഉപരാഷ്ട്രപതി

തുല്യത കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കണം വിദ്യാഭ്യാസം

 

കൊച്ചി: സ്‌പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് ആവശ്യപ്പെട്ടു. ഹിന്ദുജാ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ രംഗത്തെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.തുല്യത കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നും ഒരു ഡീംഡ് സര്‍വകലാശാലയാകുന്നതില്‍ അവസാനിക്കുന്നതായിരിക്കില്ല ഹിന്ദുജാ കോളേജ് എന്നും ആഗോള പ്രാധാന്യമുള്ള സ്ഥാപനമായി അതു മാറണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.ചടങ്ങില്‍ മഹാരാഷട്ര ഗവര്‍ണര്‍ സി. പി. രാധാകൃഷ്ണന്‍ പങ്കെടുത്തു.

അഭയാര്‍ത്ഥികളുടെ കുട്ടികള്‍ക്കായുള്ള ഒരു പ്രൈമറി സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുജാ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പതാക വാഹക സ്ഥാപനമായ ഹിന്ദുജ കോളേജ് ഓഫ് കോമേഴ്‌സിലൂടെ 75ാം വര്‍ഷത്തിലും പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്. ഇന്ന് രാജ്യവ്യാപകമായി ഏഴു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദുജ ഫൗണ്ടേഷന്‍ വഴി ഗ്രൂപ്പ് സേവനം നല്‍കുന്നത്. 2030 ഓടെ ഒരു ദശലക്ഷം വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കാനാണ് പദ്ധതി. വികസിത് ഭാരത് കാഴ്ചപ്പാടിനു മുഖ്യ സംഭാവന നല്‍കുകയും ലക്ഷ്യമാണെന്ന് ഹിന്ദുജ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അശോക് ഹിന്ദുജ പറഞ്ഞു.

വ്യവസായ മേഖലയ്ക്ക് ഉതകുന്ന രീതിയിലെ മികച്ച വിദ്യാഭ്യാസമുള്ളവരുടെ അഭാവം പരിഹരിക്കുന്ന വിധത്തില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ രൂപവല്‍ക്കരിക്കാന്‍ പദ്ധതിയുണ്ടെന്നും നിര്‍മിത ബുദ്ധി, ഡാറ്റാ സയന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങിയവയില്‍ പുതിയ പഠന പരിപാടികള്‍ ആരംഭിക്കുമെന്നും അശോക് ഹിന്ദുജ പറഞ്ഞു.കോളേജിന്റെ ശേഷി മൂന്നു മടങ്ങു വര്‍ധിപ്പിക്കുമെന്ന് ഹിന്ദുജ ഫൗണ്ടേഷന്‍ പ്രസിഡന്റ് പോള്‍ ഏബ്രഹാം പറഞ്ഞു. 30ല്‍ ഏറെ അക്കാദമിക് പരിപാടികളാണ് ഹിന്ദുജ കോളേജ് ലഭ്യമാക്കുന്നത്. 202324ല്‍ നാക് എ+ അംഗീകാരം നേടി. 2022ല്‍ കോളേജിന് സ്വയംഭരണ പദവി ലഭിക്കുകയും ചെയ്തു.

Spread the love