സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്‍പ്പെടെ മികച്ച വരുമാന മാര്‍ഗമായി സ്വീകരിക്കാവുന്ന മേഖലയാണ് കൂണ്‍ കൃഷി.
തിരുവനന്തപുരം: 30 കോടിയിലധികം രൂപ ധനസഹായം നല്‍കിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്‍പ്പെടെ മികച്ച വരുമാന മാര്‍ഗമായി സ്വീകരിക്കാവുന്ന മേഖലയാണ് കൂണ്‍ കൃഷി. പ്രോട്ടീന്‍ കലവറയായ കൂണ്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സഹായിക്കും. അതിനാലാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂണ്‍ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കൂണ്‍ കര്‍ഷകരും അടങ്ങുന്ന ഒരു സംഘം ഈ വര്‍ഷം തന്നെ ഹിമാചല്‍ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസര്‍ച്ചില്‍ ഒരു പരിശീലന പരിപാടിക്കായി സജ്ജമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ രണ്ട് വന്‍കിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, ഒരു കൂണ്‍ വിത്തുത്പാദന യൂണിറ്റ്, മൂന്ന് കൂണ്‍ സംസ്‌കരണ യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേര്‍ന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. അരുന്ധതി എന്ന കര്‍ഷകയാണ് ഫാം വേഗന്‍ മഷ്‌റൂം എന്ന പേരില്‍ സര്‍ക്കാര്‍ സഹായത്തോടെ കൂണ്‍ ഉല്പാദന യൂണിറ്റിന് മണികണ്‌ഠേശ്വരത്ത് തുടക്കം കുറിച്ചത്. നിലവില്‍ കൂണ്‍ ഉല്‍പ്പാദനത്തോടൊപ്പം കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണവും സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്.