അയാക്ടാകോണ്‍ 2025 ‘ ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി

 

കൊച്ചി:  ഇന്ത്യയിലെ കാര്‍ഡിയാക് അനസ്തേഷ്യ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് അനസ്തേഷ്യോളജിസ്റ്റ്സ് (അയാക്ടാ) ന്റെ 28ാമത് ദേശീയ സമ്മേളനം ‘ അയാക്ടാകോണ്‍ 2025 ‘ ന് കലൂര്‍ ഐഎംഎ ഹൗസില്‍ തുടക്കമായി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നല്ലൊരു വ്യക്തിക്കു മാത്രമെ നല്ലൊരു ഡോക്ടര്‍ ആകാന്‍ സാധിക്കുവെന്നും അതുപോലെ നല്ലൊരു ഡോക്ടറിനു മാത്രമെ നല്ലൊരു വ്യക്തിയാകാന്‍ സാധിക്കുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രോഗികള്‍ തങ്ങളുടെ ദൈവത്തെപ്പോലെയാണ് ഡോക്ടര്‍മാരെ കാണുന്നത്. എത്രതന്നെ പ്രതിസന്ധികള്‍ ഉണ്ടായാലും കരുണയും അനുകമ്പയും ഡോക്ടര്‍ക്ക് നഷ്ടമാകരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അയാക്ട ദേശീയ പ്രസിഡന്റ് ഡോ. തോമസ് കോശി അധ്യക്ഷത വഹിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ഡോ. അനില്‍ കര്‍ലേക്കറിനെ ചടങ്ങില്‍ ആദരിച്ചു. ഇന്‍ഡ്യന്‍ കോളജ് ഓഫ് കാര്‍ഡിയാക് അനസ്‌തേഷ്യ നടത്തിയ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഫലകങ്ങളും ഫെലോഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇന്‍ഡ്യന്‍ കോളജ് ഓഫ് കാര്‍ഡിയാക്ക് അനസ്‌തേഷ്യ ചാന്‍സലര്‍ ഡോ. പ്രഭാത് തിവാരി , അയാക്ട ദേശീയ സെക്രട്ടറി ഡോ.എന്‍. കനകരാജ്, അയാക്ടാകോണ്‍ 2025 രക്ഷാധികാരി ഡോ. കെ. വിനോദന്‍, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ.ജേക്കബ്ബ് എബ്രഹാം, സെക്രട്ടറി ഡോ. ജോയല്‍ ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹാര്‍ട്ട് ഫെയിലര്‍ ആന്റ് അനസ്തേഷ്യ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി അയാക്ടാ കൊച്ചിന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്.ഹൃദയം, ശ്വാസകോശം മാറ്റിവെയ്ക്കല്‍, ഹൃദ്രോഗ ശസ്ത്രക്രിയകള്‍, അനസ്തേഷ്യ, തീവ്രപരിചരണം, അനസ്തേഷ്യ മേഖലയില്‍ ഉപയോഗിക്കുന്ന അതിനൂതന സാങ്കേതിക വിദ്യകള്‍, പ്രയോഗരീതികള്‍, ഗവേഷണങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യയില്‍ നിന്നു കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 20 ലധികം വിദഗ്ദരായ ഡോക്ടര്‍മാരും സമ്മേളനത്തില്‍ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 600 ഓളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി എത്തുന്നുണ്ട്. 23 ന് സമ്മേളനം സമാപിക്കും.

 

 

 

Spread the love