വ്യക്തികളെ  വ്യക്തിത്വമുള്ളവരാക്കുന്നത്  അധ്യാപകര്‍ :  കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്

ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ  (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍, കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് എന്നിവര്‍ സംയുക്തമായി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച  ‘ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിറ്റ്’  പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പദ്ധതി ജില്ലാ കളകളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു
കൊച്ചി:  സമൂഹത്തില്‍ വ്യക്തികളെ വ്യക്തിത്വത്തിന് ഉടമകളാക്കിമാറ്റുന്നത് അധ്യാപകരാണെന്ന് ജില്ലാ കളകളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. കുട്ടികളിലെ പഠന വൈകല്യം കണ്ടെത്തുന്നതിനായി  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ  (ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും, ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍, കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് എന്നിവര്‍ സംയുക്തമായി അധ്യാപകര്‍ക്കായി  ‘ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിറ്റ്’  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഠന പരിശീലന പദ്ധതി കലൂര്‍ ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ എപ്പോഴും ബഹുമാനത്തോടെയും, ആദരവോടെയും മാത്രമേ കാണാന്‍ സാധിക്കൂ. പ്രത്യേകിച്ച് ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നവരെ. കലാ രംഗത്ത് ഒട്ടേറെ ഗുരുക്കന്മാര്‍ ഉണ്ടായിട്ടും എ.ആര്‍.റഹ്മാന്‍ തന്റെ ഓസ്‌കാര്‍ സമര്‍പ്പിച്ചത് ചെറിയ ക്ലാസുകളില്‍ തന്നെ തന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച അദ്ധ്യാപകര്‍ക്കാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

താനും പഠന ന്യൂനതകള്‍ ഉള്ള വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.  അക്ഷരങ്ങള്‍ തലതിരിച്ചെഴുതുക, അക്ഷരതെറ്റുകള്‍ വരുത്തുക, തുടങ്ങിയ ന്യൂനതകള്‍ നിര്‍ബന്ധപൂര്‍വ്വം തിരുത്തിതന്നത് ചെറിയ ക്ലാസിലെ അദ്ധ്യാപകരായിരുന്നു. ഇന്ന് കുട്ടികളിലെ പഠന ന്യൂനതകള്‍ തിരിച്ചറിയാന്‍ കഴുയുന്ന അദ്ധ്യാപകരും സംവിധാനങ്ങളും വിദ്യാഭ്യാസമേഖലയില്‍ ഉണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനാര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി)കൊച്ചിന്‍ പ്രസിഡന്റ് ഡോ. വിവിന്‍ അബ്രാഹം അധ്യക്ഷത വഹിച്ചു.ചൈല്‍ഡ് കെയര്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്രാഹം കെ.പോള്‍ പദ്ധതി വിശദീകരിച്ചു. കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റ് വിനുമോന്‍ കെ മാത്യു, , റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ സെക്രട്ടറി ഗായത്രി കൃഷ്ണന്‍,കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. ജേക്കബ്ബ് അബ്രാഹം,  ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി കൊച്ചിന്‍ സെക്രട്ടറി ഡോ. എബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 100 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. ഈ അധ്യാപകര്‍ അവരവരുടെ സ്‌കുളുകളിലെ മറ്റ് അധ്യാപകര്‍ക്കും പരിശീലനം നല്‍കുമെന്ന് ചൈല്‍ഡ് കെയര്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്രാഹം കെ.പോള്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു