മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍, ഡ്രൈവിംഗ്, ആതിഥ്യമര്യാദ, സോഫ്റ്റ് സ്‌കില്ലുകള്‍, സ്വയം പ്രതിരോധം എന്നിവയില്‍ വനിതകള്‍ക്ക് രണ്ട് മാസത്തെ സൗജന്യ പരിശീലനം കമ്പനി നല്‍കുന്നു.
കൊച്ചി : വനിതകള്‍ക്ക് ടാക്‌സി ഡ്രൈവര്‍മാരായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഐബിഎസ് സോഫ്റ്റ്‌വെയര്‍ ആരംഭിച്ച സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്‍) സംരംഭമായ ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍, ഡ്രൈവിംഗ്, ആതിഥ്യമര്യാദ, സോഫ്റ്റ് സ്‌കില്ലുകള്‍, സ്വയം പ്രതിരോധം എന്നിവയില്‍ വനിതകള്‍ക്ക് രണ്ട് മാസത്തെ സൗജന്യ പരിശീലനം കമ്പനി നല്‍കുന്നു.
പരിശീലനം പൂര്‍ത്തിയാക്കുകയും സാധുവായ ലൈസന്‍സ് നേടുകയും ചെയ്യുന്ന എല്ലാവര്‍ക്കും ‘ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സിന്റെ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഐബിഎസ് സോഫ്റ്റ്‌വെയര്‍ പുതിയ കാറുകള്‍ വാങ്ങിയാണ് ഈ സര്‍ട്ടിഫൈഡ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. നിലവില്‍ പരിശീലനം കഴിഞ്ഞ 13 ഡ്രൈവര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, കൊച്ചിയില്‍ അവര്‍ പത്ത് കാറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു.ഇന്‍ഫോപാര്‍ക്കിലെ കൊച്ചിയിലെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കാറുകള്‍ ഫ് ളാഗ് ഓഫ് ചെയ്തു.
പരിശീലനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചാല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നല്‍കാന്‍ കഴിവുള്ള, വിദ്യാസമ്പന്നരായ വീട്ടമ്മമാരുടെ നിര തന്നെ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ്’ എന്ന ഹ്രസ്വചിത്രം ഉമാ തോമസ് എം.എല്‍.എ പ്രകാശനം ചെയ്തു. യാത്രക്കാര്‍ക്ക് ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ‘ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ്’ ആപ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി. നാഗരാജു പുറത്തിറക്കി. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ഡിസിപി വി. മഹേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സമൂഹത്തിലെ സ്ത്രീകളുടെ വൈദഗ്ധ്യം, പ്രൊഫഷണലിസം, ആത്മവിശ്വാസം എന്നിവയ്ക്ക് സംഭാവന നല്‍കി അവരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു. നിലവില്‍, ഐബിഎസ് സോഫ്റ്റ്‌വെയറിലെ ജീവനക്കാരുടെ യാത്രാവശ്യങ്ങള്‍ക്കായി കൊച്ചി നഗരത്തില്‍ മാത്രമാണ് ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഈ സംരംഭം ഗണ്യമായി വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. നിലവില്‍ 25 വനിതാ ഡ്രൈവര്‍മാരുടെ പുതിയ ബാച്ചിന് കമ്പനി പരിശീലനം നല്‍കുന്നുണ്ട്. 2025 ഡിസംബറില്‍ ആകെ 25 വാഹനങ്ങളുമായി കൊച്ചിയിലെ എല്ലാ കോര്‍പ്പറേറ്റുകള്‍ക്കും ഈ സേവനം ലഭ്യമാകും. 2026 പകുതിയോടെ ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. വരും വര്‍ഷങ്ങളില്‍ വാഹനങ്ങളുടെ എണ്ണം ആയിരമായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

