ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ മുന്‍കൈ എടുക്കും: ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്

തര്‍ക്ക പരിഹാരത്തിനായി ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് തയ്യാറാക്കിയിരിക്കുന്ന ടേംസ് ഓഫ് റഫറന്‍സ് ഇരു സഭാ നേതൃത്വത്തിനും ഉടന്‍ സമര്‍പ്പിക്കും

 

കൊച്ചി : ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ക്രിസ് ത്യന്‍ മൂവ്മെന്റ് (ഐ.സി.എം)മുന്‍ കൈ എടുക്കുമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ദേശീയപ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ് ഐ.ആര്‍.എസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി സാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ സിറിയന്‍ പാരമ്പര്യം ഉള്‍ക്കൊണ്ട് ആരാധന നടത്തുന്ന വിശ്വാസികളും സഹോദരങ്ങളുമാണ്. ഇരു സഭകളും തമ്മിലുള്ള തര്‍ക്കത്തിന്റെ പ്രധാനകാരണം സ്വത്ത് സംബന്ധമാണ്. മലങ്കര സഭയുടെ സ്വത്തുക്കളും ദേവാലയങ്ങളും ആര്, എങ്ങനെ ഭരിക്കണമെന്നുള്ളതാണ് തര്‍ക്കം.മലങ്കര സഭയിലെ സ്വത്തുക്കളും പള്ളികളും ഭരിക്കപ്പെടേണ്ടത് 1943 ലെ സഭാഭരണഘടന അനുസരിച്ചാണെന്നാണ് സുപ്രിം കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നത്.

1934 ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുളളത് സഭയുടെ ആത്മീയ മേലധ്യക്ഷന്‍ ഇഗ്നാത്തിയോസ് നാമധേയത്തില്‍ അന്ത്യോഖ്യന്‍ പാത്രീയാര്‍ക്കീസ് ആയിരിക്കുമെന്നാണ്.ഇത് ഇരുസഭകളിലെയും പുരോഹിത ശ്രേഷ്ഠന്മാര്‍ അംഗീകരിച്ചിട്ടുളളതുമാണ്. ഈ സാഹചര്യത്തില്‍ തര്‍ക്കം ആപേക്ഷികമാണെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് നേതാക്കള്‍ വ്യക്തമാക്കി.ഇരു സഭകളുടെയും വിശ്വാസപരമായ മുടക്കുകളാണ് ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രിസ്തുവിന്റെ ദര്‍ശനം ഉള്‍ക്കൊണ്ട് വ്യവഹാരവും തര്‍ക്കവും അവസാനിപ്പിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സഭാ നേതൃത്വം തയ്യാറകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഐ.സി.എമ്മിന് യാതൊരു വിധ രാഷ്ട്രീയ താല്‍പ്പര്യവുമില്ല. മറിച്ച് പ്രശ്നം പരിഹരിക്കപ്പെടണമെന്നു മാത്രമാണ് ലക്ഷ്യമുള്ളത്.തര്‍ക്ക പരിഹാരത്തിനായി ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് തയ്യാറാക്കിയിരിക്കുന്ന ടേംസ് ഓഫ് റഫറന്‍സ് ഇരു സഭാ നേതൃത്വത്തിനും ഉടന്‍ സമര്‍പ്പിക്കും. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സാന്നിധ്യം അനിവാര്യമാണെങ്കില്‍ അതിനും ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് മുന്‍കൈ എടുക്കുമെന്നും ഐ.സി.എം നേതാക്കള്‍ വ്യക്തമാക്കി. ഐ.സി.എം ട്രസ്റ്റി കെ.എസ് വിനോദ്, കേരള സെക്ടര്‍ പ്രസിഡന്റ് ആന്റണ്‍ ഐസക് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Spread the love