ഇന്ത്യയില്‍ ഓറല്‍ ക്യാന്‍സര്‍
രോഗികളുടെ എണ്ണം
വര്‍ധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

ഈയടുത്ത വര്‍ഷങ്ങളില്‍ കണ്ടെത്തിയ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 57% പേരും മുന്‍പ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61% കേസുകള്‍ നാവിലെ ക്യാന്‍സറുകളും 19% കേസുകള്‍ ബക്കല്‍ മ്യൂക്കോസയിലാണെന്നും പഠനം

 

കൊച്ചി: ഇന്ത്യയില്‍ ഓറല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. വിപിഎസ് ലേക്‌ഷോറിലെ പഠനം. പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറല്‍ ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഗണ്യമായ വര്‍ദ്ധനവ് സംഭവിക്കുന്നുവെന്നാണ് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുകയിലയോ മദ്യ ഉപയോഗമോ ക്യാന്‍സര്‍ രോഗികളില്‍ സാധാരണയായി കാണാറുണ്ട്, എന്നാല്‍ ഇപ്പോള്‍ ഈ ശീലങ്ങള്‍ ഇല്ലാത്തവരിലും ഓറല്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നത് വര്‍ദ്ധിച്ചു.

ഈയടുത്ത വര്‍ഷങ്ങളില്‍ കണ്ടെത്തിയ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 57% പേരും മുന്‍പ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61% കേസുകള്‍ നാവിലെ ക്യാന്‍സറുകളും 19% കേസുകള്‍ ബക്കല്‍ മ്യൂക്കോസയിലാണെന്നും പഠനം കാണിക്കുന്നതായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. 3% കേസുകള്‍ വായയുടെ അടിഭാഗത്തും 3% താഴത്തെ ആല്‍വിയോളസിലും ഒരു ശതമാനം മുകളിലെ ആല്‍വിയോളസിലുമാണ്.2014 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള പത്ത് വര്‍ഷത്തിനിടെ 515 രോഗികളില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രി ഈ കണ്ടെത്തല്‍ നടത്തിയത്.രോഗബാധിതരില്‍ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. 58.9% രോഗികളില്‍ മറ്റു രോഗങ്ങളുണ്ടെന്നും, അവരില്‍ 30% പേര്‍ക്ക് ഒന്നിലധികം രോഗാവസ്ഥകള്‍ ഉണ്ടെന്നും കണ്ടെത്തി. 41.4% രോഗികളില്‍ വേറെ രോഗങ്ങള്‍ ഇല്ല എന്നും കണ്ടെത്തി.

282 (54.7%) രോഗികളില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയതായും 233 (45.3%) പേര്‍ക്ക് ക്യാന്‍സര്‍ നിര്‍ണയം രോഗത്തിന്റെ അവസാന ഘട്ടങ്ങളില്‍ നടത്തിയെന്നും പഠനം എടുത്തുകാണിച്ചു.അഡിക്ഷന്‍ ഉള്ള ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍, 64.03% പേര്‍ മുന്‍പ് പുകയില ഉപയോഗിക്കുന്ന, പ്രത്യേകിച്ച് ചവയ്ക്കുന്ന, ശീലമുള്ളവരായിരുന്നു. കൂടാതെ, 51.2% പേര്‍ പുകവലി ശീലമുള്ളതായും 42.3% പേര്‍ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഈ രോഗികളില്‍ 45.3% പേര്‍ക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.ഇന്ത്യയുടെ പല ഭാഗങ്ങളിലും പുകയിലയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍ പ്രാബല്യമാണെങ്കിലും, കേരളത്തിലെ പുതിയ പ്രവണത ആശങ്കയുണ്ടാക്കുന്നതാണ്.

പുകയില ഉപയോഗവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ബക്കല്‍ മ്യൂക്കോസ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്ന മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സംസ്ഥാനത്തെ 64% ഓറല്‍ ക്യാന്‍സര്‍ കേസുകളും നാവിലെ അര്‍ബുദമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.മുന്‍പ് മിക്കവാറും എല്ലാ ഓറല്‍ ക്യാന്‍സര്‍ കേസുകളും പുകയില ഉപയോഗത്തില്‍ നിന്ന് വന്നിരുന്നതാണ്. ഇപ്പോള്‍ സ്ഥിതി വളരെയധികം മാറി. ഓറല്‍ ക്യാന്‍സര്‍ രോഗികളില്‍ രണ്ടില്‍ ഒരാള്‍ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷോണ്‍ ടി. ജോസഫ് പറഞ്ഞു.

രോഗലക്ഷണമുള്ള വ്യക്തി പ്രാരംഭ ഘട്ടത്തില്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ അര്‍ബുദ ചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങളുടെ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. രണ്ടാഴ്ചയ്ക്കുള്ളില്‍ വായിലെ അള്‍സര്‍ ഭേദമാകുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പുരോഗമിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ വായില്‍ ചുവപ്പ് അല്ലെങ്കില്‍ വെള്ള പാടുകള്‍ അല്ലെങ്കില്‍ തലയിലും കഴുത്തിലും അസാധാരണമായ മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.വര്‍ദ്ധിച്ചുവരുന്ന ഓറല്‍ ക്യാന്‍സര്‍ കേസുകളുടെ കൃത്യമായ കാരണങ്ങള്‍ ഒരു ഇനിയും കണ്ടെത്തേണ്ടതുണ്ട്. കൃത്യമായ ഉറവിടം കണ്ടെത്താന്‍ വിപുലമായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love