ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന് കേരളം വേദിയാകുന്നു;  ഡിസംബര്‍ 20 മുതല്‍ എറണാകുളത്ത്

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, സിനിമാ കലാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കലാവിഷ്‌കാരങ്ങള്‍, സംവാദങ്ങള്‍, സെമിനാര്‍, അഭിമുഖങ്ങള്‍, നാടക സിനിമാ പ്രദര്‍ശനങ്ങള്‍, ഗോത്ര നാടന്‍ ക്ലാസിക്കല്‍ കലാവതരണങ്ങള്‍ തുടങ്ങിയവ നടക്കും
കൊച്ചി: രാജ്യത്തെ ആദ്യ കള്‍ച്ചറല്‍ കോണ്‍ഗ്രസിന് കേരളം വേദിയാകുന്നു. സംസ്‌കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം’ എന്നീ സന്ദേശങ്ങള്‍ മുന്‍നിര്‍ത്തി ‘ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്’ ഡിസംബര്‍ 20 മുതല്‍ 22 വരെ എറണാകുളത്ത് എട്ടു വേദികളിലായാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, സിനിമാ കലാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കലാവിഷ്‌കാരങ്ങള്‍, സംവാദങ്ങള്‍, സെമിനാര്‍, അഭിമുഖങ്ങള്‍, നാടക സിനിമാ പ്രദര്‍ശനങ്ങള്‍, ഗോത്ര നാടന്‍ ക്ലാസിക്കല്‍ കലാവതരണങ്ങള്‍ തുടങ്ങിയവ നടക്കും. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേര്‍ന്നാണ് ഈ കൂട്ടായ്മക്ക് രൂപം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 20ന് രാവിലെ എറണാകുളം രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ സജി ചെറിയാന്‍, പി. രാജീവ്, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഹിന്ദി കവി അശോക് വാജ്പയ്, തെലുങ്കു സാഹിത്യകാരനും, ചലച്ചിത്രഗാന രചയിതാവുമായ സുദ്ധല അശോക് തേജ തുടങ്ങിയവര്‍ ഉദ്്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ടി പത്മനാഭന്‍, സൈദ്‌മെര്‍സ, ഷീല, മേദിനി,അശോക് വാജ്‌പേയ്, മേതില്‍ രാധാകൃഷ്ണന്‍, കലാമണ്ഡലം ഗോപിയാശാന്‍,സി.ജെ കുട്ടപ്പന്‍, ഗുലാം മുഹമ്മദ്‌ഷേക്ക്, സി. എല്‍ ജോസ്, ഉമയാള്‍ പുരം ശിവരാമന്‍ എന്നിവരെ ആദരിക്കും. ഇന്ത്യയിലെ വിവിവ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖ കലാസാംസ്‌കാരിക പ്രതിഭകള്‍ക്ക് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കുന്നതിനായി കേരളം വേദി ഒരുക്കും. മതം, വര്‍ണ്ണം, വംശം തുടങ്ങിയ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് അതീതമായി, സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം,,നൃത്തം, ശില്പ ചിത്രകലകള്‍, ജനകീയ കലകള്‍ എന്നീ മേഖലകളിലെ പ്രമുഖര്‍ ഈ സാംസ്‌കാരിക കൂട്ടായ്മയില്‍ ഒത്തുചേരും. എട്ട് വേദികളിലായി മൂന്ന് ദിനരാത്രങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുക.

കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംവാദങ്ങള്‍, കലാവിഷ്‌കാരങ്ങള്‍, ശില്‍പ്പകലാ പ്രദര്‍ശനങ്ങള്‍, ലോക ക്ലാസ്സിക്ക് കൃതികളുടെ വായനയും സംവാദവും, തെരുവു അവതരണങ്ങള്‍, ശില്പശാലകള്‍, പ്രഭാഷണങ്ങള്‍,ചലച്ചിത്രമേള, ഗോത്രനാടന്‍ക്ലാസിക്കല്‍ കലാവതരണങ്ങള്‍, സാഹിത്യകാരന്‍മാരുടെ മക്കള്‍ അവരുടെ കൃതികള്‍ വായിക്കുക, തെരുവ് അവതരണങ്ങള്‍, പലസ്തീന്‍ കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം, വിവിധ നാടന്‍ അനുഷ്ടാന ഗോത്ര കലാരൂപങ്ങള്‍, തുടങ്ങി നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ കലാവതരണങ്ങള്‍, ഭാഷാ ന്യൂനപക്ഷങ്ങളുടെ കൂട്ടയ്മ, ഭിന്നശേഷി അവതരണങ്ങള്‍ തുടങ്ങിയവയ്ക്ക് കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രത്യേക പ്രാധാന്യം നല്‍കും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, രാജേന്ദ്ര മൈതാനം, ലളിതകല അക്കാദമി , ടി. കെ. രാമകൃഷ്ണന്‍ സാംസ്‌കാരിക കേന്ദ്രം, സുഭാഷ് പാര്‍ക്ക് , ഫൈന്‍ ആര്‍ട്‌സ് ഹാള്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ അരങ്ങേറും. സാഹിത്യം കലാരംഗത്തുനിന്ന്  ജാവേദ് അക്തര്‍,  അശോക് വാജ്‌പേയ്, സചിദാനന്ദന്‍, എം. മുകുന്ദന്‍, ടി. പത്മനാഭന്‍, രാജാത്തി സല്‍മ, ജി. എന്‍. ദേവി, ഡോ. എം. എന്‍. കാരശ്ശേരി. സിനിമ അക്കാദമിക് മേഖലയെ പ്രതിനിധീകരിച്ച് സഹീദ് മിര്‍സ, രത്‌ന പഥക് ഷാ, സുധാംശു പാണ്ഡെ, സുധന്‍വ ദേശ് പാണ്ഡെ, നൃത്തം സംഗീത രംഗത്തെ പ്രമുഖരായ ഉമയാള്‍പുരം ശിവരാമന്‍, കലാമണ്ഡലം ഗോപി, ശാന്താ ധനജ്ഞയന്‍. രാഷ്ട്രീയം/ മാധ്യമ രംഗത്തെ പ്രതിനിധാനം ചെയ്ത് കനിമൊഴി എം. പി, സിദ്ധാര്‍ത്ഥ വരദരാജന്‍, സു വെങ്കിടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം പത്മശ്രീ മമ്മൂട്ടി നിര്‍വഹിക്കും. ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആദരം അദ്ദേഹം ഏറ്റുവാങ്ങും.സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യേണ്ട ഗൂഗിള്‍ ഫോം, സാംസ്‌കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ culturedirectorate.kerala.gov.inല്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു