ഹൈറെസല്യൂഷന്‍ മള്‍ട്ടിബീം എക്കോ സൗണ്ടര്‍, ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (AUV), റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ROV), നാല് സര്‍വേ മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇക്ഷക്, നാവികസേനയ്ക്ക് സമാനതകളില്ലാത്ത വൈവിധ്യവും ശേഷിയും പകര്‍ന്നു നല്കുന്നു.
ന്യൂഡല്‍ഹി: തദ്ദേശീയ ജലമാപക മികവില്‍ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ‘ഇക്ഷക്’ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നു. കൃത്യത, ലക്ഷ്യബോധം, സ്വാശ്രയത്വം എന്നിവയുടെ ദീപസ്തംഭമായി ഇന്ത്യന്‍ സമുദ്ര മേഖലയില്‍ എസ്.വി.എല്‍ ഇക്ഷക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വ്വേ വെസല്‍ (ലാര്‍ജ്) വിഭാഗത്തിലെ മൂന്നാമത്തെയും ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതുമായ കപ്പലാണിത്.
കല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇക്ഷക് കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ വളരുന്ന സ്വയംപര്യാപ്തതയുടെ തിളക്കമാര്‍ന്ന ഉദാഹരണമായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ വിജയവും ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സും ഇന്ത്യന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും തമ്മിലുള്ള സഹകരണം എടുത്തു കാട്ടുന്ന ഈ കപ്പലിന്റെ 80% ത്തിലധികം തദ്ദേശീയമായി നിര്‍മ്മിച്ചതാണ്. സംസ്കൃതത്തില്‍ ‘വഴികാട്ടി’ എന്നര്‍ത്ഥം വരുന്ന ‘ഇക്ഷക്’ എന്ന പേര്, കൃത്യതയുടെയും ലക്ഷ്യബോധത്തിന്റെയും കാവല്ഭടന് എന്ന നിലയിലുള്ള കപ്പലിന്റെ പങ്കിനെയാണ് എടുത്തു കാട്ടുന്നത്. തുറമുഖങ്ങള്‍, നാവിഗേഷന്‍ ചാനലുകള്‍ എന്നിവയുടെ തീരദേശ, ആഴക്കടല്‍ ജലമാപക സര്‍വ്വേകള്‍ പൂര്‍ണ്ണ തോതില്‍ നടത്തുന്നതിനാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമായ സമുദ്ര സഞ്ചാരം ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ സമുദ്ര സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാകും.
ഹൈറെസല്യൂഷന്‍ മള്‍ട്ടിബീം എക്കോ സൗണ്ടര്‍, ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (AUV), റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ (ROV), നാല് സര്‍വേ മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇക്ഷക്, നാവികസേനയ്ക്ക് സമാനതകളില്ലാത്ത വൈവിധ്യവും ശേഷിയും പകര്‍ന്നു നല്കുന്നു. കപ്പലില്‍ ഒരു ഹെലികോപ്റ്റര്‍ ഡെക്കും ഘടിപ്പിച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തന പരിധി വര്‍ദ്ധിപ്പിക്കുകയും ബഹുമുഖ ദൗത്യങ്ങള്‍ സാധ്യമാക്കുകയും ചെയ്യും. ഇന്ത്യന്‍ നാവികസേനയുടെ സര്‍വ്വേ, ചാര്ട്ടിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇക്ഷക് കമ്മീഷന് ചെയ്യുന്നതോടെ പിന്നിടുന്നത്. തദ്ദേശീയ ശേഷിയുടെയും സാങ്കേതിക മികവിന്റെയും സമുദ്ര നിരീക്ഷണത്തിന്റെയും പ്രതീകമായി രാജ്യത്തെ സേവിക്കാന്‍ ഇക്ഷക് പൂര്‍ണ്ണ സജ്ജമാണ് അജ്ഞാത സമുദ്രമേഖലകളെക്കുറിച്ച് രേഖപ്പെടുത്തുകയും, നാവികര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയും, ഇന്ത്യയുടെ സമുദ്രശേഷി ശക്തിപ്പെടുത്തുകയുമാണ് ഇക്ഷകിന്റെ ദൗത്യം. ഇന്ന് കൊച്ചി നേവല്‍ ബേസില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍ കപ്പല്‍ ഔദ്യോഗികമായി സൈനിക സേവനത്തിന്റെ ഭാഗമാകും.

