സമുദ്രശക്തി ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ നാവിക സേനയുടെ പ്രദര്‍ശനം

രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായ ദ്രൗപദി മുര്‍മു സേനയുടെ വിസ്മയകരമായ പ്രകടനത്തിന് സാക്ഷിയായി.
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍വ്യൂഹത്തിന്റെയും സന്നാഹങ്ങളുടെയും പ്രവര്‍ത്തന മികവ് പ്രകടമാക്കി ‘ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷന്‍’ (ഓപ് ഡെമോ)  തിരുവനന്തപുരം ശംഖുമുഖം കടല്‍ത്തീരത്ത് അരങ്ങേറി. രാജ്യത്തിന്റെ ശക്തമായ സമുദ്രശക്തിയും സ്വയംപര്യാപ്തതയും അരക്കിട്ട് ഉറപ്പിച്ച് നടത്തിയ പ്രകടനത്തില്‍ നാവികസേനയുടെ കരുത്തുറ്റ യുദ്ധശേഷി, സാങ്കേതിക വൈദഗ്ദ്ധ്യം, പ്രവര്‍ത്തന സന്നദ്ധത എന്നിവ ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു പ്രകടനം. രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായ ദ്രൗപദി മുര്‍മു സേനയുടെ വിസ്മയകരമായ പ്രകടനത്തിന് സാക്ഷിയായി. നാവികസേനയുടെ മുന്‍നിര പ്ലാറ്റ്‌ഫോമുകള്‍ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ  പ്രകടനങ്ങള്‍, സമുദ്രമേഖലയിലെവിടെയും കൃത്യതയോടെയും ശക്തിയോടെയും പ്രവര്‍ത്തിക്കാനുള്ള സേനയുടെ ശേഷി വിളിച്ചോതി.
തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ ഇരുപതിലധികം കപ്പലുകളും അന്തര്‍വാഹിനികളും, വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വന്‍ നിരയും, പ്രത്യേക പരിശീലനം ലഭിച്ച മറൈന്‍ കമാന്‍ഡോകളും (മാര്‍ക്കോസ്) നാവികശക്തിയുടെയും പ്രവര്‍ത്തന മികവിന്റെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സീ കേഡറ്റ് കോര്‍പ്‌സ് അവതരിപ്പിച്ച ഹോണ്‍പൈപ്പ് നൃത്തം, സാംസ്‌കാരിക പരിപാടികള്‍, നാവിക ഉദ്യോഗസ്ഥര്‍ നടത്തിയ അതിവേഗ പരിശീലനങ്ങളോടുകൂടിയ ‘കണ്ടിന്യുവിറ്റി ഡ്രില്‍’ എന്നിവയും കാണികളെ ഹരം കൊള്ളിച്ചു.
നാവികസേനാ ബാന്‍ഡിന്റെ ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങോടെയും കപ്പലുകള്‍ അലങ്കാര ദീപങ്ങളാല്‍ പ്രകാശമാനമാക്കിയുള്ള പരമ്പരാഗത സൂര്യാസ്തമയ ചടങ്ങുകളോടെയും പരിപാടി സമാപിച്ചു. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,  മറ്റ് കേന്ദ്ര,സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക പ്രമുഖര്‍, പ്രദേശവാസികള്‍ തുടങ്ങിയവരും  പ്രകടനം വീക്ഷിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു