മൂല്യവര്‍ധിത സേവനങ്ങളിലൂടെ ഇന്ധന സ്റ്റേഷനിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ ഓയില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സൗമിത്ര പി ശ്രീവാസ്തവ പറഞ്ഞു.
കൊച്ചി: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡും രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും (എംഎസ്ഐഎല്‍) ഉപഭോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പുതിയ ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. കരാര്‍ പ്രകാരം രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഇന്ത്യന്‍ ഓയില്‍ ഇന്ധന സ്റ്റേഷനുകളില്‍ മാരുതി സുസുക്കി സര്‍വീസ് സൗകര്യങ്ങള്‍ സ്ഥാപിക്കും.
വിവിധ മാരുതി സുസുക്കി സര്‍വീസ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ ഓയിലിന്റെ വിശാലമായ രാജ്യവ്യാപക ശൃംഖലയെ ഉപയോഗിക്കാന്‍ കരാര്‍ ലക്ഷ്യമിടുന്നു. ഈ സഹകരണം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന ഇടങ്ങളില്‍ നിന്ന് തന്നെ ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികളും നിര്‍വഹിക്കാന്‍ കഴിയും. പുതിയ കരാര്‍ പ്രകാരം വിപുലമായ റീട്ടെയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ ഓയില്‍, മാരുതി സുസുക്കിയുടെ 5,780ലധികം സര്‍വീസ് ടച്ച്പോയിന്റുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
മൂല്യവര്‍ധിത സേവനങ്ങളിലൂടെ ഇന്ധന സ്റ്റേഷനിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ ഓയില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സൗമിത്ര പി ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലുടനീളം 41,000ത്തിലധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖലയുള്ളതിനാല്‍, അവശ്യ സേവനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ഐഒസിക്ക് കഴിയുന്നതായും മാരുതി സുസുക്കിയുമായി പങ്കാളിത്തത്തിലേര്പ്പെടുന്നതിലൂടെ, ലോകോത്തര ഓട്ടോമോട്ടീവ് അറ്റകുറ്റപ്പണികളും ഐഒസിയുടെ ഊര്‍ജ്ജ ഓഫറുകളും സംയോജിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.കാര്‍ സര്‍വീസിംഗ് പരമാവധി എളുപ്പവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത സംരംഭങ്ങളിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡുമായി പങ്കാളിത്തത്തിലേര്പ്പെടുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സര്‍വീസ്) ശ്രീ റാം സുരേഷ് അകെല്ല പറഞ്ഞു. മൊബിലിറ്റി ഊര്‍ജ്ജ മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും മികച്ച ഉപഭോക്തൃ പരിചരണ അനുഭവം നല്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.

