ഇന്‍ഫോഗെയിന്‍ കൊച്ചിയില്‍
തുടങ്ങി ; ആയിരത്തിലധികം തൊഴിലവസരങ്ങള്‍ 

 

കൊച്ചി: അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയായ ഇന്‍ഫോഗെയിനിന്റെ അത്യാധുനിക ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത്. 2021 ല്‍ ആരംഭിച്ച ഇംപാക്ടീവ് സിആര്‍എം മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.മെട്രോനഗരങ്ങള്‍ക്കപ്പുറം ലഭ്യമായ മികച്ച നൈപുണ്യശേഷി ഉപയോഗപ്പെടുത്തുക എന്ന പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യമാണ് കൊച്ചിയിലെ പുതിയ ഓഫീസെന്ന് ഇന്‍ഫോഗെയിന്‍ സിഇഒ ദിനേശ് വേണുഗോപാല്‍ പറഞ്ഞു.

ഇന്‍ഫോഗെയിനിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനപ്പുറം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് കൂടി ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 1000 ലധികം തൊഴിലവസരമാണ് ഇന്‍ഫോഗെയിന്‍ വഴി കൊച്ചിയിലുണ്ടാകുന്നതെന്ന് കമ്പനിയുടെ സെയില്‍സ് ഫോഴ്‌സ് സ്റ്റുഡിയോ ഹെഡും ഇംപാക്ടീവ് സ്ഥാപകനുമായ ജോസഫ് കോര ചൂണ്ടിക്കാട്ടി. ഇന്‍ഫോഗെയിനിന്റെ നൂതന സാങ്കേതികവിദ്യാ വികസനത്തിന്റെ കേന്ദ്രമായിരിക്കും കൊച്ചിയിലേത്. വൈവിദ്ധ്യമാര്‍ന്ന നൈപുണ്യശേഷി ഉപയോഗപ്പെടുത്താന്‍ പറ്റിയ തന്ത്രപ്രധാനമായ മേഖലയാണ് കൊച്ചി. ഇന്‍ഫോഗെയിനിന്റെ ഗ്ലോബല്‍ ഡെലിവറി ഹബ്ബായി കൊച്ചിയെ തീരുമാനിക്കാനുള്ള കാരണവുമിതാണ്. ഡാറ്റാ എന്‍ജിനീയറിംഗിലെ 5000 വ്യത്യസ്തമേഖലകളിലായി ഒന്നര ലക്ഷത്തോളം ഐടി പ്രൊഫഷണലുകള്‍ ഇവിടെയുണ്ട്. ഇതുപയോഗപ്പെടുത്തി ഇന്‍ഫോഗെയിനിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സാങ്കേതികവിദ്യ, ഇന്‍ഷുറന്‍സ്, ട്രാവല്‍, ടെലികോം, ചില്ലറവ്യാപാരം, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്‌സ് എന്നീ മേഖലകളിലെ ഉപഭോക്തൃ സേവന സാങ്കേതികവിദ്യയാണ് ഇന്‍ഫോഗെയിന്‍ കൈകാര്യം ചെയ്യുന്നത്. ആഗോളറേറ്റിംഗ് ഏജന്‍സിയായ ഫോര്‍ച്യൂണ്‍ 500 കമ്പനികളുള്‍പ്പെടെ ഇന്‍ഫോഗെയിനിന്റെ ഉപഭോക്താക്കളാണ്. ക്ലൗഡ്, മൈക്രോസര്‍വീസസ്, ഓട്ടോമേഷന്‍,ഐഒടി, നിര്‍മ്മിത ബുദ്ധി എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. മൈക്രോസോഫ്റ്റ് അസൂര്‍, ഗൂഗിള്‍ ക്ലൗഡ്, ആമസോണ്‍ വെബ് സര്‍വീസ് എന്നീ ക്ലൗഡ് വിഭാഗങ്ങളിലും ഇവര്‍ വിദഗ്ധ സേവനം നല്‍കുന്നു.കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ടെക്‌സസ്, യുകെ, സിംഗപ്പൂര്‍, എന്നിവിടങ്ങളില്‍ ഇന്‍ഫോഗെയിന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ഡാലസ്, സിയാറ്റില്‍, മോണ്ടേവിഡിയോ, ക്രാക്കൗ, നോയിഡ, ബംഗളുരു, പുണെ, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളില്‍ ഡെലിവെറി സെന്ററുകളുമുണ്ട്.

 

Spread the love