അന്താരാഷ്ട്ര അണ്ടര്‍വാട്ടര്‍ റോബോട്ടിക്‌സ് ചലഞ്ച് :  ഫൈനലിനായി മലയാളി വിദ്യാര്‍ഥികള്‍ ചൈനയിലേക്ക്

സമുദ്രത്തിനടിയില്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള എ.യു.വി. റോബോട്ടുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന രീതിയിലാണ് ഈ അന്താരാഷ്ട്ര ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്
കൊച്ചി: രാജ്യാന്തര സിംഗപ്പൂര്‍ ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ ചലഞ്ചിന്റെ  ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി മലയാളി വിദ്യാര്‍ഥികള്‍. എറണാകുളം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയിലെ  എട്ടംഗ എന്‍ജിനീയറിങ് വിദ്യാര്‍ഥി സംഘമാണ് ചൈനയില്‍ നടക്കുന്ന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചിന്മയ വിശ്വവിദ്യാപീഠം ഈ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യാനിക് എഐ റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബിടെക്ക് കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ കൃഷ്ണ കെ നയിക്കുന്ന സംഘത്തില്‍   കംപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അഞ്ജന പ്രകാശ്, അനുജ എസ്.നായര്‍, ജയലക്ഷ്മി വി.പി, ബി.ടെക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേര്‍ണിങ് രണ്ടാം വിദ്യാര്‍ഥികളായ ദൈവിക് പ്രശീന്‍, നിരഞ്ജന ഉദയ്, നന്ദന ശങ്കര്‍, ബിസിഎ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് റോബോര്‍ട്ടിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് റൈയന്‍ നജീം എന്നിവരും ഉള്‍പ്പെടുന്നു.  സര്‍വകലാശാലയുടെ അസിസ്റ്റന്റ് ഡീന്‍ ആയ ഡോ.അനുപമ ജിംസാണ് വിദ്യാര്‍ഥികള്‍ക്ക്   മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്. മേയ് 28 മുതല്‍ 31 വരെ ചൈനയിലെ സാന്യ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. 20 രാജ്യങ്ങളില്‍നിന്നുള്ള 126 എന്‍ട്രികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 52 ടീമുകളായിരിക്കും ഫൈനലില്‍ മത്സരിക്കുക. സമുദ്രത്തിനടിയില്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള എ.യു.വി. (ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍) റോബോട്ടുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന രീതിയിലാണ് ഈ അന്താരാഷ്ട്ര ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ ഐ.ഇ.ഇ.ഇ. (IEEE) ഓഷ്യാനിക് എന്‍ജിനീയറിങ് സൊസൈറ്റിയും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സമുദ്രത്തിലേതുപോലെ സമാനമായ സാഹചര്യത്തില്‍ സ്വിമ്മിങ് പൂളില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ട്രാക്കില്‍ നാല് പ്രധാന ദൗത്യങ്ങളാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ട് പൂര്‍ത്തിയാക്കേണ്ടത്. കടലാഴങ്ങളില്‍ നേരിടേണ്ടി വരുന്ന നാവിഗേഷന്‍, വിഷ്വല്‍ ഐഡന്റിഫിക്കേഷന്‍, അക്കോസ്റ്റിക് ലോക്കലൈസേഷന്‍, റോബോട്ടിക് മാനിപുലേഷന്‍ എന്നീ നാല് വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് ദൗത്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ കൃത്യതയും വേഗതയും കണക്കാക്കിയായിരിക്കും വിജയികളെ നിശ്ചയിക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു