സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ മികച്ച
വിജയം നേടി ‘ഇന്റര്‍വെല്‍’ 

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം എന്‍വിഡിയ, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാംസില്‍ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

 

കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബല്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സില്‍ തിളക്കമാര്‍ന്ന വിജയവുമായി മലയാളി സ്റ്റാര്‍ട്ടപ്പ് ഇന്റര്‍വെല്‍. എല്ലാ വര്‍ഷവും നടത്തിവരുന്ന ജെസ് അവാര്‍ഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയില്‍ ലണ്ടനില്‍ വെച്ച് നടക്കുന്ന ബൂട്ക്യാമ്പിലേക്കും തുടര്‍ന്നുള്ള ഫൈനല്‍സിലേക്കുമായി തിരഞ്ഞെടുക്കുക. ഇന്റെര്‍വലിനെ കൂടാതെ സ്‌കൂഗ്ലിങ്ക്, സ്റ്റംപിടിയ എന്നീ മറ്റു രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പ്രാദേശികമാകാനുള്ള സ്വാഭാവിക പ്രവണതയുള്ള ഒരു വ്യവസായത്തില്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള പ്രേക്ഷകര്‍ക്ക് പ്രദര്‍ശിപ്പിക്കാനും, സുപ്രധാന പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനും ബിസിനസ് സുഗമമാക്കാനും ഈ അവാര്‍ഡ് അവസരമൊരുക്കുന്നു. മികച്ച എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, പ്രാദേശിക എഡ്‌ടെക് ആവാസവ്യവസ്ഥകള്‍ കെട്ടിപ്പടുക്കുന്നതിനും ബദല്‍ വിപണികളിലേക്കുള്ള എഡ്‌ടെക് നിക്ഷേപങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും ജെസ് അവാര്‍ഡ്‌സ് സഹായിക്കുന്നു. എഡ്‌ടെക് സെക്ടറിലെ ആഗോള വിപുലീകരണത്തെയും അന്താരാഷ്ട്ര സഹകരണത്തെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ സ്ഥാപിതമായ ഈ പുരസ്‌കാരം, എല്ലാ എഡ്യുടെക് പങ്കാളികള്‍ക്കും പരസ്പരം ബന്ധപെടുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി അന്താരാഷ്ട്ര അംഗീകാരം നേടി കഴിഞ്ഞു.

മലപ്പുറം അരീക്കോട് സ്വദേശികളായ റമീസ് അലി , ഷിബിലി , അസ്ലഹ് , സനാഫിര്‍, നാജിം എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഇന്റര്‍വെല്‍ എന്ന എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ഇന്ന് 60 ല്‍ പരം രാജ്യങ്ങളില്‍ വ്യക്തിഗത ട്യൂഷനുകള്‍ നല്‍കിവരുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രശംസിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം എന്‍വിഡിയ, ഗൂഗിള്‍, മൈക്രോസോഫ്ട് എന്നി ലോകോത്തര കമ്പനികളുടെ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാംസില്‍ ഇടംപിടിക്കുകയും മറ്റനേകം നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. യു.കെ , ജര്‍മ്മനി, ഫ്രാന്‍സ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ഈ നേട്ടം ഏറെ ഗുണം ചെയ്യുമെന്ന് ഇന്റര്‍വെല്‍ സി.ഇ.ഒ റമീസ് അലി പറഞ്ഞു.

Spread the love