കൊച്ചി: ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പാലാരിവട്ടം റിനൈ കൊച്ചിനില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍ നാഗരേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ അതിവേഗത്തില്‍ മുന്നേറുകയാണെന്നും ഈ വളര്‍ച്ചയുടെ യാത്രയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ നിര്‍ണായക പങ്ക് വഹിക്കുകയാണെന്നും ജസ്റ്റിസ് എന്‍ നാഗരേഷ് പറഞ്ഞു. ഈ മുന്നേറ്റ വേഗത തുടരുകയാണെങ്കില്‍ 2047ഓടെ ഇന്ത്യ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി മാറും. സാങ്കേതികവിദ്യ ദിനംപ്രതി പുരോഗമിക്കുന്ന സാഹചര്യത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് സാധാരണ ജനങ്ങളെ സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വഴികാട്ടാന്‍ കഴിയും. സാങ്കേതിക ബോധവത്ക്കരണം, സാമ്പത്തിക സുരക്ഷ, ഡിജിറ്റല്‍ ഇടപാടുകള്‍ തുടങ്ങിയ മേഖലകളില്‍ അവരുടെ ഇടപെടല്‍ സമൂഹത്തില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ സഹായകരമാകുമെന്നും ജസ്റ്റിസ് എന്‍. നാഗരേഷ് പറഞ്ഞു. ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍, എസ് ഐ ആര്‍ സി ട്രഷറര്‍ ദീപ വര്‍ഗ്ഗീസ്, സി എം ജോസഫ്, ജോബി ജോര്‍ജ്ജ്, വേണുഗോപാല്‍ സി ഗോവിന്ദ്, ജോമോന്‍ കെ ജോര്‍ജ്ജ്, ലൂക്കോസ് ജോസഫ്, രൂപേഷ് രാജഗോപാല്‍, പ്രതീഷ് പോള്‍ എം എന്നിവര്‍ പ്രസംഗിച്ചു.

