കേരളത്തില്‍ നിക്ഷേപകര്‍
തടസങ്ങള്‍ നേരിടില്ല: മുഖ്യമന്ത്രി
പിണറായി വിജയന്‍ 

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കമായി
കേരളത്തിന്റെ വ്യാവസായിക വികസനത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രിമാര്‍

 

കൊച്ചി: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തിലേക്ക് വരുന്ന നിക്ഷേപകര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ നിക്ഷേപ സാഹചര്യം ചരിത്രപരമായ പരിവര്‍ത്തനത്തിന്റെ എത്തിയിരിക്കുമ്പോഴാണ് ഉച്ചകോടി നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ കേരളത്തിന്റെ സംരംഭക വര്‍ഷം പദ്ധതി ദേശീയ തലത്തില്‍ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഗതാഗത സൗകര്യങ്ങള്‍, തടസ്സമില്ലാത്ത വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിനുണ്ട്. ഭാവി സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച മാനവ വിഭവശേഷി സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു. കേരളത്തിന്റെ ഈ വ്യവസായ ആവാസവ്യവസ്ഥയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് നിക്ഷേപകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ വേഗത്തിലുള്ള വ്യാവസായിക വികസനം സാധ്യമാക്കുന്ന കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു.കേരളത്തിനായി 50,000 കോടി രൂപ ചെലവ് വരുന്ന 31 റോഡ് വികസന പദ്ധതികള്‍ നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ദേശീയപാത വികസനം ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കേരളത്തിനായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസന സംരംഭങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കേരളം അതിന്റെ ശക്തി മേഖലകളിലൂടെ ‘ഇന്ത്യയുടെ വികസനത്തിലേക്കുള്ള കവാടമായി’ മാറിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. നൈപുണ്യ ശേഷിയുള്ള മനുഷ്യവിഭവത്തിലൂടെ നവീകരണത്തിലും നൂതന സാങ്കേതിക വിദ്യയിലും രാജ്യത്തിന് വലിയ സംഭാവന നല്‍കാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്തത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഇന്ത്യ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അദ്ബുള്ള ബിന്‍ തൗക് അല്‍ മാരി പറഞ്ഞു. ഭക്ഷ്യ സംസ്‌കരണം, ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ബഹിരാകാശം തുടങ്ങിയ സുപ്രധാന മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ യുഎഇ താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉച്ചകോടിയില്‍ 22 അംഗ സംഘത്തെയാണ് അല്‍ മാരി നയിക്കുന്നത്.

ഭക്ഷ്യസുരക്ഷ, ടൂറിസം, ഹോസ്പിറ്റാലിറ്റി, സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളവുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ടെന്ന് ബഹ്‌റൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്രു പറഞ്ഞു.മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മന്ത്രി എംബി രാജേഷ്, തുറമുഖ സഹകരണ മന്ത്രി വിഎന്‍ വാസവന്‍, സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും എംഡിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോര്‍ട്‌സിന്റെയും എസ്ഇഇസെഡ് ലിമിറ്റഡിന്റെയും (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ , വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സംസാരിച്ചു.

 

 

Spread the love