ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് 2025ന്റെ മൂന്നാം ദിവസം, ‘നയ രൂപീകരണ സ്വാധീനം: വ്യവസായ സംഘടനകളുടെ നിര്‍ണായക പങ്ക്’ എന്ന വിഷയത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ നടന്നു.
ബംഗളുരു: സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരത്തില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ അനിവാര്യമെന്ന് ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ്. ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് 2025ന്റെ മൂന്നാം ദിവസം, ‘നയ രൂപീകരണ സ്വാധീനം: വ്യവസായ സംഘടനകളുടെ നിര്‍ണായക പങ്ക്’ എന്ന വിഷയത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ നടന്നു. ആഗോള നിയന്ത്രണങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് വ്യവസായ അസോസിയേഷനുകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തണം. കൂടാതെ, ആഗോള സുഗന്ധവ്യഞ്ജന വ്യാപാര നിയന്ത്രണങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മറികടക്കാന്‍ ക്രോസ്‌ലേണിംഗ് അനിവാര്യമാണെന്ന് എ. ഐ.എസ്. ഇ. എഫ് മാനേജിംഗ് കമ്മിറ്റി അംഗം ഡോ. ജീമോന്‍ കോര പറഞ്ഞു.
ഏകീകൃത ആഗോള മാനദണ്ഡങ്ങളുടെ അഭാവം നിലവിലുണ്ട്. വിവിധ രാജ്യങ്ങള്‍ കീടനാശിനികളുടെ അവശിഷ്ട പരിധികള്‍, ഭക്ഷ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍, ലേബലിംഗ് എന്നിവയില്‍ വ്യത്യസ്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് കയറ്റുമതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര പങ്കാളികളുമായി യോജിച്ച് ആഭ്യന്തര വിപണിയില്‍ വ്യക്തമായ നിയന്ത്രണ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെക്കുറിച്ച് ചൈന സ്‌പൈസ് അസോസിയേഷന്റെ പ്രസിഡന്റ് മൈക്ക് ലിയു മൈക്ക് ലിയു വിശദീകരിച്ചു.
സുഗന്ധവ്യഞ്ജന ഇറക്കുമതിയിലും ഗുണനിലവാര നിയന്ത്രണത്തിലും യുഎസ് നയത്തെ സ്വാധീനിക്കുന്നതില്‍അമേരിക്കന്‍ സ്‌പൈസ് ട്രേഡ് അസോസിയേഷന്റെ പങ്ക് സംബന്ധിച്ച് അമേരിക്കന്‍ സ്‌പൈസ് ട്രേഡ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ സായ വിശദീകരിച്ചു.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വ്യത്യസ്ത സമീപങ്ങള്‍ നിയന്ത്രണ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് യൂറോപ്യന്‍ സ്‌പൈസ് അസോസിയേഷന്‍ പ്രസിഡന്റ് ബെനോയിറ്റ് വിന്‍സ്റ്റല്‍ പറഞ്ഞു.
27 അംഗ രാജ്യങ്ങള്‍ പലപ്പോഴും നയങ്ങളെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു. സജീവമായ ഇടപെടല്‍ നടത്തിയെ ഇത് പരിഹരിക്കാന്‍ സാധിക്കൂ, അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 80% ത്തെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എ. ഐ.എസ്. ഇ. എഫ്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര വിലയിരുത്തലില്‍ ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് രാജ്യത്തെ അഞ്ച് സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് ലബോറട്ടറികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള പ്രക്രിയയിലാണെന്ന് ആള്‍ ഇന്ത്യാ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ചെയര്‍മാന്‍ ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ പറഞ്ഞു.
വ്യവസായത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്ന് തിരിച്ചറിഞ്ഞ് ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി അവര്‍ക്ക് മികച്ച അവബോധവും പരിശീലനവും നല്‍കാനും പദ്ധതിയുണ്ട്. സുസ്ഥിരത, ഭക്ഷ്യസുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ആഗോള സര്‍ട്ടിഫിക്കേഷനും, സംവിധാനങ്ങളും നടപ്പിലാക്കാനുള്ള ചര്‍ച്ചകളും സമ്മേളനതില്‍ നടന്നു.ബംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയില്‍ ആള്‍ ഇന്ത്യാ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ആതിഥേയത്വത്തിലാണ് സമ്മേളനം നടക്കുന്നത്.