ബംഗളൂരു: ഐഎസ്എലില്‍ വീണ്ടും ബംഗളുരു എഫ്‌സിയോട് തോറ്റ് കേരളത്തിന്റെ കൊമ്പന്മാര്‍. ബംഗളുരുവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ബംഗളുരു എഫ്‌സി കടപുഴക്കിയത്. ഹാട്രിക് നേടിയ സുനില്‍ ഛേത്രിയാണ് ബംഗളുരുവിന്റെ വിജയ ശില്‍പ്പിയായി മാറിയത്. ബ്ലാസ്റ്റേഴ്സിനായി ഹെസ്യൂസ് ഹിമിനെസും ഫ്രെഡിയുമാണ് ലക്ഷ്യം കണ്ടത്. മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ പ്രീതം കോട്ടലിന് പകരം സന്ദീപ് സിങ് എത്തി. മിലോസ് ഡ്രിന്‍സിച്ച് മാറി അലക്സാന്‍ഡ്ര കൊയെഫ് വന്നു. മുന്നേറ്റത്തില്‍ കെ പി രാഹുലിന് പകരം കോറു സിങ്. ഗോള്‍ വലക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് തുടര്‍ന്നു. റുയ്വാ ഹോര്‍മിപാം, നവോച്ച സിങ് എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ, ഫ്രെഡി. മുന്നേറ്റത്തില്‍ നോഹ സദൂയ്, ഹെസ്യൂസ് ഹിമിനെസ്. ബെംഗളൂരു ഗോള്‍ മുഖത്ത് ഗുര്‍പ്രീത് സിങ് സന്ധു. പ്രതിരോധത്തില്‍ നിഖില്‍ പൂജാരി, രാഹുല്‍ ബെക്കെ, ജൊവാനോവിച്ച്, റോഷന്‍ സിങ്. മധ്യനിരയില്‍ ഹാര്‍ഷ് പാത്രെ, പെഡ്രോ കാപോ, സുരേഷ് സിങ്. മുന്നേറ്റത്തില്‍ റ്യാന്‍ വില്യംസ്, എഡ്ഗാര്‍ മെന്‍ഡെസ്, സുനില്‍ ഛേത്രി.
കളിയുടെ ആദ്യഘട്ടത്തില്‍ പന്ത് നിയന്ത്രണത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നു. പക്ഷേ, ഏഴാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ ബെംഗളൂരു ലീഡ് നേടി. വലതുവശത്ത് വില്യംസ് നടത്തിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിതുറന്നത്. ഒന്നാന്തരം ക്രോസ് ബോക്സിലേക്ക്. സന്ദീപിന്റെ പ്രതിരോധത്തെ മറികടന്ന് ഛേത്രി അതില്‍ തലവച്ചു.(1-0). ഒരു ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്സ് വീര്യം കെടാതെ സമനിലയ്ക്കായി പൊരുതി. ഹിമിനെസിനും നോഹയ്ക്കും ലൂണയ്ക്കുമെല്ലാം ബോക്സില്‍വച്ച് പന്ത് കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്കിടെയാണ് ബെംഗളൂരു അടുത്ത തിരിച്ചടി നല്‍കുന്നത്. വില്യംസ് മനോഹരമായ ഷോട്ടിലൂടെ ബെംഗളൂരുവിന്റെ ലീഡുയര്‍ത്തി.(2-0) എഡ്ഗാര്‍ മെന്‍ഡെസാണ് അവസരമൊരുക്കിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി കിട്ടി. സുരേഷ് സിങ്ങിന്റെ ഫൗളില്‍ വിബിന്‍ മോഹനന്‍ പരിക്കേറ്റ് മടങ്ങി. ഡാനിഷ് ഫാറൂഖ് പകരക്കാരനായി കളത്തിലെത്തി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഫ്രെഡിയുടെ ഷോട്ട് ഗുര്‍പ്രീത് തടഞ്ഞു.
ഇടവേള കഴിഞ്ഞുള്ള ആദ്യ ഘട്ടത്തില്‍ ഹിമിനെസിന്റെ മികച്ചൊരു ഹെഡര്‍ ഗുര്‍പ്രീത് ഒറ്റക്കൈകൊണ്ട് തടയുകയായിരുന്നു. പിന്നാലെ ബോക്സിനരികെ കിട്ടിയ ഫ്രീകിക്ക് നോഹ പുറത്തേക്കടിച്ച് കളഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. നവോച്ച ഉയര്‍ത്തുവിട്ട പന്ത് ഇടതുവശത്ത് നോഹ കാലിലാക്കി. വരയ്ക്കരിവച്ച് രാഹുല്‍ ബെക്കെ തടഞ്ഞെങ്കിലും പന്ത് വിട്ടുകൊടുത്തില്ല നോഹ. തിരിച്ചെത്തി അകത്തേക്ക് തള്ളി. ക്ലോസ് റേഞ്ചിലുണ്ടായ ഹിമിനെസ് പിന്‍കാല് കൊണ്ട് തട്ടിയിട്ടപ്പോള്‍ ഗുര്‍പ്രീത് കാഴ്ചക്കാരനായി. സീസണില്‍ എട്ടാം ഗോളാണ് ഹിമിനെസിന്. പിന്നെ തകര്‍പ്പന്‍ കളിയാണ് സ്റ്റാറേയുടെ സംഘം പുറത്തെടുത്തത്. നോഹയും ലൂണയും ചേര്‍ന്നുള്ള നീക്കം മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചു. 67ാം മിനിറ്റില്‍ വലതുവശത്ത് നിന്ന് ലൂണ കൊടുത്ത മനോഹര ക്രോസില്‍ ഫ്രെഡി തലവച്ചതോടെ സ്റ്റേഡിയം ഇളകിമറഞ്ഞു. സ്‌കോര്‍ 2-2.
പക്ഷേ, ആശ്വാസം നീണ്ടുനിന്നില്ല. ജോര്‍ജ് പെരേര ഡയസ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം തകര്‍ത്തു. ബോക്സിനുള്ളില്‍വച്ച് ഛേത്രിയിലേക്ക്. രണ്ടാം ഗോളിലൂടെ ഛേത്രി ബെംഗളൂരുവിന് ലീഡൊരുക്കി. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും ബംഗളുരുവിന്റെ വലകുലുക്കിയില്ല. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ പ്രകടനവും നിര്‍ണായകമായി. ഇതിനിടെ കൊയെഫിന് പകരം ക്വാമി പെപ്രയും സന്ദീപിന് പകരം പ്രീതം കോട്ടലും കോറുവിന് പകരം പ്രബീര്‍ ദാസും ബ്ലാസ്റ്റേഴ്‌സിന്റെ നിരയിലെത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഹാട്രിക്കിലൂടെ ഛേത്രി ബെംഗളൂരുവിന്റെ ജയം പൂര്‍ത്തിയാക്കി. 11 കളിയില്‍ നിന്ന് 11 പോയിന്റുമായി പട്ടികയില്‍ പത്താമതാണ് ബ്ലാസ്റ്റേഴ്സ്. 14ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊല്‍ക്കത്തയാണ് വേദി.