നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി
ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
ന്യൂഡല്‍ഹി: രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും മികച്ച പോരാട്ട വീര്യത്തിലീടെ പഞ്ചാബിനോടുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹ സദൂയ് നേടിയ പെനാല്‍റ്റി
ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 58-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചും 74-ാം മിനിറ്റില്‍ ഐബന്‍ബ ഡോഹ്ലിങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയെങ്കിലും ഒമ്പതു പേരുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ അവസാന വിസില്‍ മുഴങ്ങും വരെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് കഴിഞ്ഞില്ല. പഞ്ചാബിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ബ്ലാസ്റ്റേഴ്‌സ് നിര്‍ണായകമായ ജയവും സ്വന്തമാക്കിയോതെട 15 കളിയില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു . സീസണിലെ അഞ്ചാം ജയമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.
അവസാന കളിയില്‍നിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. റുയ്വാ ഹോര്‍മിപാം, ഐബന്‍ബ സിങ് എന്നിവര്‍ ടീമിലെത്തി. സന്ദീപ് സിങ്, പ്രീതം കോട്ടല്‍ എന്നിവര്‍ പുറത്തിരുന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, ഹുയ്ദ്രോം നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര. പഞ്ചാബിന്റെ ഗോള്‍ കീപ്പര്‍ മുഹീത് ഷബീര്‍. സുരേഷ് മീട്ടി, മെല്‍വിന്‍ അസീസി, പ്രംവീര്‍ സിങ് എന്നിവരുള്‍പ്പെട്ട പ്രതിരോധം. കയ്മിമിതാങ് ലുങ്ഡിം, റിക്കി ഷബോങ്, നിഖില്‍ പ്രഭു, അഭിഷേക് സിങ് എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ അസ്മിര്‍ സുജിച്ച്, മുഹമ്മദ് സുഹൈല്‍, നിഹാല്‍ സുധീഷ് എന്നിവര്‍.
ആദ്യ പകുതിയില്‍ നോഹ ഇടതുവശത്ത് മിന്നല്‍ ആക്രമണങ്ങള്‍ നടത്തി. പഞ്ചാബ് ഗോള്‍ കീപ്പര്‍ ഷബീറായിരുന്നു അവരുടെ രക്ഷയ്ക്കെത്തിയത്. ഒരു തവണ ലൂണയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഷബീര്‍ തട്ടിയകറ്റിയപ്പോള്‍ ഞെട്ടലോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അതുകണ്ടത്. തുടര്‍ന്ന് പെപ്രയും നോഹയും ആക്രമണം കടുപ്പിച്ചു. കോര്‍ണര്‍ കിക്കില്‍നിന്നുള്ള ശ്രമവും പഞ്ചാബ് പ്രതിരോധം തടഞ്ഞു. ഡ്രിന്‍സിച്ച് കാല്‍വയ്ക്കുംമുമ്പ് പ്രതിരോധം തട്ടിയകറ്റുകയായിരുന്നു. പിന്നാലെ പഞ്ചാബ് മുന്നേറ്റക്കാരന്‍ നിഹാല്‍ പ്രത്യാക്രമണവുമായി മുന്നേറി. പക്ഷേ, ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് രക്ഷയ്ക്കെത്തി. ക്ലോസ് റേഞ്ചില്‍നിന്നുള്ള ഷോട്ട് സച്ചിന്‍ പിടിച്ചെടുത്തു. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. നാല്‍പ്പത്തിനാലാം മിനിറ്റില്‍ നോഹയെ മീട്ടി ബോക്സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി. കിക്ക് എടുത്ത നോഹയ്ക്ക് പിഴച്ചില്ല.സ്‌കോര്‍ (1-0) ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.
എന്നാല്‍ 58-ാം മിനിറ്റില്‍ കനത്ത തിരിച്ചടി കിട്ടി. രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ ഡ്രിന്‍സിച്ച് പുറത്ത്. പരിശീലകന്‍ ഉടന്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. നോഹയെയും ഡാനിഷിനെയും പിന്‍വലിച്ചു. പകരം അമാവിയായും അലക്സാന്‍ഡ്രെ കൊയെഫുമെത്തി. കോറുവിന് പകരം പ്രീതം കോട്ടലുമെത്തി. കളിക്ക് ചൂടുപിടിച്ചു.ആളെണ്ണം കുറഞ്ഞതിന്റെ ക്ഷീണം ബ്ലാസ്റ്റേഴ്സിനെ ബാധിച്ചു. പഞ്ചാബ് നിരന്തം മുന്നേറി. ഇതിനിടെ ലൂണയുടെ ഫ്രീകിക്ക് അപകടം വിതയ്ക്കാതെ അകന്നുപോയി. പതുക്കെ കളം പിടിക്കുമ്പോഴാണ് അടുത്ത തിരിച്ചടി കിട്ടിയത്.
രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പ്രതിരോധത്തിലെ മറ്റൊരു താരമായ ഐബനും പുറത്തായി. ഒമ്പതുപേരുമായി ബ്ലാസ്റ്റേഴ്സ് കളി തുടര്‍ന്നു. പ്രത്യാക്രമണങ്ങളിലായി ശ്രദ്ധ. പഞ്ചാബ് ബ്ലാസ്റ്റേഴ്സ് ബോക്സില്‍ തളംകെട്ടിനിന്നു. പ്രതിരോധം പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെ പഞ്ചാബ് താരം റിക്കിയുടെ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. ബ്ലാസ്റ്റേഴ്സ് നിര പൂര്‍ണമായും പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി. സച്ചിന്‍ സുരേഷ് വന്‍മതിലായി. നവോച്ചയും ഹോര്‍മിപാമും ഉള്‍പ്പെട്ട പ്രതിരോധം ഉറച്ചുനിന്നതോടെ ബ്ലാസ്റ്റേഴ്സ് ആവേശകരമായ ജയം സ്വന്തമാക്കി. ഈ മാസം പതിമൂന്നിന് ഒഡിഷ എഫ്സിയുമായി കൊച്ചിയിലാണ് ബ്ലാസ്്‌റ്റേഴ്‌സിന്റെ അടുത്ത കളി